സെബി മാത്യു
ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സർക്കാരിനു മുന്നിലുള്ള അവസാന അവസരം ഇന്നാണെന്നു വ്യക്തമാക്കി തലസ്ഥാന അതിർത്തിയിൽ പ്രക്ഷോഭം കടുപ്പിച്ചു കർഷകർ.
കർഷക പ്രക്ഷോഭം എട്ടാം ദിവസത്തിലേക്കു കടക്കുന്പോൾ ഡൽഹിയിലേക്കുള്ള സുപ്രധാന റോഡുകളിൽ അതിരൂക്ഷ ഗതാഗത സ്തംഭനമാണ്.
അതിനിടെ, കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യവ്യാപകമായി ചരക്കുനീക്കം സ്തംഭിപ്പിക്കുമെന്ന് ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോണ്ഗ്രസ് (എഐഎംടിസി) മുന്നറിയിപ്പു നൽകി. ഡൽഹി സർവകലാശാല വിദ്യാർഥികളും അധ്യാപക സംഘടനകളും (ഡൽഹി ടീച്ചേഴ്സ് അസോസിയേഷൻ) കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സർക്കാരിനു മുന്നിലുള്ള അവസാന അവസരം ഇന്നാണെന്നും ഇല്ലെങ്കിൽ സർക്കാരിന്റെ വലിയ വീഴ്ചയ്ക്ക് അതു വഴിയൊരുക്കുമെന്നും കർഷക സംഘടനകൾ മുന്നറിയിപ്പു നൽകി.
ഡിസംബർ അഞ്ചിന് രാജ്യവ്യാപകമായി പ്രതിഷേധത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കുത്തകകളുടെയും കോലം കത്തിക്കാനും ക്രാന്തികാരി കിസാൻ യൂണിയൻ ആഹ്വാനം ചെയ്തു.
പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുചേർത്ത് കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക ബില്ലുകൾ പിൻവലിക്കണമെന്നാണ് ക്രാന്തികാരി കിസാൻ യൂണിയൻ പ്രസിഡന്റ് ദർശൻ പാൽ ആവശ്യപ്പെട്ടത്. മഹാരാഷ്ട്ര യിൽ ഇന്നു സംസ്ഥാനവ്യാപക പ്രതിഷേധം നടക്കും.
പഞ്ചാബിൽ നിന്നു മാത്രമല്ല, രാജ്യത്തെന്പാടു നിന്നുമുള്ള കർഷക പ്രതിനിധികളെയും ചർച്ചയ്ക്കു വിളിക്കണമെന്നും കർഷക നേതാക്കൾ ആവശ്യപ്പെട്ടു.
കർഷകർക്കു പിന്തുണ പ്രഖ്യാപിച്ച് ഈ മാസം എട്ടു മുതൽ പണിമുടക്കുമെന്നാണ് ഒരു കോടിയോളം വരുന്ന ട്രക്കുടമകളുടെ സംഘടനയായ എഐഎംടിസി വ്യക്തമാക്കിയത്.
ഡിസംബർ എട്ടുമുതൽ ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പണിമുടക്കും. കർഷിക നിയമങ്ങൾ പിൻവലിക്കുക എന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പണിമുടക്ക് രാജ്യവ്യാപകമാക്കുമെന്നും എഐഎംടിസി പ്രസിഡന്റ് കുൽതരണ് സിംഗ് അത്വാൾ പറഞ്ഞു.
രാഹുൽ ഗാന്ധി അടക്കമുള്ള രാഷ്ട്രീയനേതാക്കൾ സമര സ്ഥലങ്ങളിലെത്താൻ താത്പര്യം പ്രകടിപ്പിച്ചെങ്കിലും കർഷക സംഘടനകൾ വിലക്കി.
കർഷക സമരത്തിന്റെ മറവിൽ രാഷ്ട്രീയ മുതലെടുപ്പിന് ഒരു തരത്തിലും അനുവദിക്കില്ലെന്നും ഇക്കാര്യം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിനോടുതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കർഷക നേതാക്കൾ പറഞ്ഞു. ഇടത് പാർട്ടി നേതാക്കൾ ഇന്നലെ ഡൽഹിയിൽ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രതിഷേധ മാർച്ച് നടത്തി.
കാർഷിക ബില്ലുകൾക്കെതിരേ യുള്ള പ്രക്ഷോഭത്തിൽ കർഷകർക്കൊപ്പമാണെന്നും പ്രക്ഷോഭത്തിൽ രാഷ്ട്രീയക്കാർ ഇടപെട്ടതോടെയാണ് തങ്ങൾ പിൻമാറിയതെന്നും ആർഎസ്എസ് അനുകൂല കർഷക സംഘടനയായ ഭാരതീയ കിസാൻ സംഘ് ദേശീയ സെക്രട്ടറി മോഹിനി മോഹൻ മിശ്ര പറഞ്ഞു.
സർക്കാർ വീണ്ടും ചർച്ചയ്ക്ക് ഒരുങ്ങവേ കൂടുതൽ നയരൂപീകരണങ്ങൾക്കായി കർഷക സംഘടനകൾ ഇന്നലെ തലസ്ഥാന അതിർത്തിയിൽ യോഗം ചേർന്നു. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ സർക്കാർ മുന്നോട്ടുവച്ച പരിഹാര നിർദേശങ്ങളൊന്നടങ്കം കർഷകർ തള്ളിയിരുന്നു.
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്നു പിന്നോട്ടില്ലെന്നും കർഷകർ വ്യക്തമാക്കി. ഡൽഹി-ഹരിയാന അതിർത്തിയിൽ ഇന്നലെ 32 കർഷക സംഘടനകൾ യോഗം ചേർന്നു.
കേന്ദ്രം പാസാക്കിയ കാർഷിക നിയമത്തിലെ ഓരോ വകുപ്പുകളെയും ഇനം തിരിച്ച് എതിർത്ത് കൊണ്ടുള്ള വിശദീകരണം ഇന്ന് നടക്കുന്ന ചർച്ചയിൽ രേഖാമൂലം നൽകും. കഴിഞ്ഞ ഒക്ടോബറിലും കർഷകർ തങ്ങളുടെ എതിർപ്പുകൾ എഴുതി നൽകിയിരുന്നു.
ഇന്നു വീണ്ടും ചർച്ച നടക്കാനിരിക്കേ കേന്ദ്ര ആഭ്യന്ത്രരമന്ത്രിയുമായി കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ, റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ എന്നിവർ ഇന്നലെ കൂടിക്കാഴ്ച്ച നടത്തി.