ലളിതവും കാര്യക്ഷമവും സുതാര്യവുമായ കടലാസ് രഹിത ഓഫീസ് ലക്ഷ്യമിടുന്ന ഇ-ഓഫീസ് സംവിധാനം കേരള കാർഷിക സർവകലാശാലയിൽ നടപ്പാക്കുന്ന പദ്ധതി അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു.
കടലാസ് രഹതി ഭരണനിർവഹണ സംവിധാനത്തിന്റെ ആദ്യ ഘട്ടമായി സർവകലാശാലയില പൊതുഭരണ വിഭാഗവും വെള്ളാനിക്കര-മണ്ണുത്തി കാമ്പസുകളിലെ എല്ലാ ഡയറക്ടറേറ്റുകളും കഴിഞ്ഞ വർഷം ജൂണിൽ ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറിയിരുന്നു.
ഈ സംവിധാനത്തിലൂടെ കഴിഞ്ഞ നാലു മാസത്തിനുള്ളിൽ പതിനായിരത്തോളം (9789) പുതിയ കടലാസ് രഹിത ഫയലുകൾ സൃഷ്ടിക്കുകയും, ഒരുലക്ഷത്തിൽപ്പരം (114,225) ഫയൽ ക്രയവിക്രയങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ നാഷണൽ ഇ-ഗവേണൻസ് പ്ലാനിന് കീഴിലുള്ള മിഷൻ മോഡ് പ്രോജക്ടുകളിലൊന്നായ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ ഇ ഓഫീസ് സോഫ്റ്റ്വെയർ ആണ് ഇതിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
കേരള സ്റ്റേറ്റ് ഐടി മിഷൻ മുഖേനയാണ് ഇത് കാർഷിക സർവകലാശാലയിൽ നടപ്പാക്കുന്നത്. കാർഷിക സർവകലാശാലയുടെ കേരളത്തിലാകെ വ്യാപിച്ചു കിടക്കുന്ന മുപ്പതിൽ പരം കാമ്പസുകളിലെ എല്ലാ ഓഫീസുകളിലും കൂടി ഇ ഓഫീസ് വ്യാപിപ്പിക്കുന്ന രണ്ടാം ഘട്ട പ്രവർത്തനത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു.
കേരള സ്റ്റേറ്റ് ഐടി മിഷന്റെ നേതൃത്വത്തിൽ സർവകലാശാലയിലെ ഇൻഫർമേഷൻ സിസ്റ്റംസ് ഡയറക്ടറേറ്റ് ആണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.