മറയൂർ: നിരപരാധികളെ കുറ്റക്കാരാക്കുന്നു എന്ന വീഡിയോ ചിത്രീകരിച്ചശേഷം ആദിവാസി യുവാവ് തൂങ്ങിമരിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലെ പാളപ്പെട്ടി മലപുലയ ഉൗരിലെ കുട്ടന്റെ മകൻ കാർത്തിക്(19) ആണ് മരിച്ചത്.
നിരപരാധിയായ തന്നെ പ്രതിയാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായാണ് വീഡിയോയിലുള്ളത്. മരിക്കുന്നതിന് തൊട്ടുമുൻപ് സ്വന്തം മൊബൈൽ ഫോണിൽ ചിത്രീകരിച്ച വീഡിയോ സുഹൃത്തുക്കൾക്ക് അയച്ചശേഷമാണ് ജീവനൊടുക്കിയത്.
ഇന്നലെ ഉച്ചയ്ക്ക് 12-ഓടെയാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തിയത്. മാസങ്ങൾക്കുമുൻപ് ചന്ദന മോഷണവുമായി ബന്ധപ്പെട്ട് വനപാലകർ കാർത്തിക്കിനെ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തിരുന്നു.
ഈ കേസിൽ നിരപരാധിയാണെന്നും തനിക്ക് പങ്കില്ലെന്നും പറഞ്ഞിരുന്നു. പുറത്തിറങ്ങിയ കാർത്തിക്ക് കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.
ഒരാഴ്ചമുൻപ് മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷനിലെ ചിന്നാറിൽ പാളപ്പെട്ടി ഭാഗത്തുനിന്നും മോഷണംപോയ ചന്ദനം കണ്ടെത്തിയിരുന്നു. പ്രതികളെ പിടികൂടുവാൻ വനപാലകർക്ക് കഴിഞ്ഞില്ല.
ഈ സംഭവത്തിൽ കാർത്തിക്കിനെ വീണ്ടും അന്വേഷണ പരിധിയിൽ കൊണ്ടുവരാൻ ശ്രമിച്ചതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന്പറയുന്നു.
തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിവരം നാട്ടുകാർ അറിയിച്ചിട്ടും മണിക്കൂറുകൾകഴിഞ്ഞും പോലീസ് എത്താത്തതിനെ തുടർന്ന് സുഹൃത്തുക്കളും ബന്ധുക്കളുംചേർന്ന് മൃതദേഹം താഴെയിറക്കി മറയൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ച് അവിടെ നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി. മാതാവ്: ഇന്ദിര. സഹോദരൻ: അഭിഷേക്.