തൃശൂർ: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ബസുകൾക്കു നേരെയുണ്ടായ ആക്രമണങ്ങളിൽ കോർപറേഷനുണ്ടായ നഷ്ടം ഒന്നേകാൽ കോടിരൂപ.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന അക്രമങ്ങളിൽ ആനവണ്ടിയോടു കലിപ്പു തീർത്തപ്പോഴാണ് 1.25 കോടിയുടെ നഷ്ടമുണ്ടായത്. കെഎസ്ആർടിസി സിഎംഡിയാണ് നഷ്ടത്തിന്റെ കണക്ക് അറിയിച്ചത്.
ബസുകൾക്കു നേരെയുണ്ടായ ആക്രമണങ്ങളിൽ ഉൾപ്പെട്ടവരെ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കാൻ ഡിജിപി ജില്ലാ പോലീസ് മേധാവിമാർക്കു നിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ജില്ലാ പോലീസ് മേധാവിമാർ കൈക്കൊണ്ട നടപടി ഒരു മാസത്തിനകം സംസ്ഥാന പോലീസ് മേധാവിയെ അറിയിക്കണം.
പൊതുമുതൽ നശിപ്പിക്കുന്ന തരത്തിൽ അക്രമത്തിൽ ഏർപ്പെടുകയോ അക്രമത്തിനു പ്രേരിപ്പിക്കുകയോ ചെയ്യുന്നവർക്കു ജാമ്യം നല്കുമ്പോൾ നശിപ്പിക്കപ്പെട്ട വസ്തുവകകളുടെ മൂല്യത്തിനു തുല്യമായ തുക കെട്ടിവയ്ക്കണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാർക്കു നിർദേശം നല്കണമെന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനോടും ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്.