കോഴിക്കോട്: ശമ്പളം മുടങ്ങിയിട്ട് രണ്ട് മാസം കഴിയുമ്പോൾ അനിശ്ചിതകാല സത്യഗ്രഹത്തിന് തയാറെടുക്കുകയാണ് കെഎസ്ആര്‍ടിസി ഡ്രൈവർമാർ. ആദ്യ ഘട്ടമെന്ന നിലയിൽ തിരുവനതപുരം സെക്രട്ടേറിയറ്റിനുമുമ്പിൽ അഞ്ച് മുതൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കാനാണ് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് ഡ്രൈവേഴ്സ് യൂണിയന്റെ തീരുമാനം.തൊഴിലാളികള്‍ സെപ്റ്റംബർ മാസത്തെ ശമ്പളം രണ്ട് ഗഡുക്കളായാണ് ലഭിച്ചിരുന്നത്.
ഒക്ടോബർ മാസത്തെ ശമ്പളം ആദ്യ ഗഡു പോലും ലഭിക്കാത്ത വിഭാഗവും ഇവർക്കൊപ്പമുണ്ടെന്നാണ് തൊഴിലാളികൾ പറയുന്നത്. നിലവിലെ പ്രതിസന്ധിയിൽ പ്രതിഷേധങ്ങൾക്ക് ശക്തി പോരെന്ന അഭിപ്രായമുള്ള ജീവനക്കാർ യൂണിയന്റെ പിന്തുണ ഇല്ലാതെയുള്ള സമരത്തിനും തയാറെടുക്കുന്നതായി തൊഴിലാളികൾ രഹസ്യമായി സമ്മതിക്കുന്നുണ്ട്. അടുത്ത മാസവും ഇതേ അവസ്ഥ തുടർന്നാൽ സമരം കൂടുതല്‍ ശക്തമാക്കേണ്ടി വരുമെന്ന് യൂണിയൻ നേതാക്കളും പറയുന്നു.