കോട്ടയം: ഈരാറ്റുപേട്ടക്കാർക്കു മാത്രമല്ല, പാന്പാടിക്കാർക്കുമുണ്ട് ഒരുചങ്ക് കെഎസ്ആർടിസി ബസ്. ഒരു ട്രിപ്പും മുടക്കാതെ മാന്യമായി യാത്രക്കാരെ കൊണ്ടുപോകുന്ന ബസ് ഒരുവർഷം സർവീസ് പൂർത്തിയാക്കിയ വേളയിൽ നാട്ടുകാർ ബസ് കഴുകി കുറിതൊട്ടു കുട്ടപ്പനാക്കി.
കോട്ടയത്തുനിന്നു പാന്പാടി-തെന്മല-കങ്ങഴ വഴി നെടുങ്കുന്നത്തിനുള്ള ബസാണ് നാട്ടുകാരുടെ ചങ്ക്. മുടക്കം വരുത്താത്തതിൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും ആത്മാർഥത വിലപ്പെട്ടതാണെന്ന് കെഎസ്ആർടിസിയിലെ ഒരുദ്യോഗസ്ഥൻ പറഞ്ഞു. ഒരു ട്രിപ്പ് പത്തനംതിട്ടയ്ക്കും ബാക്കി മൂന്നു ട്രിപ്പ് കോട്ടയത്തുനിന്നു നെടുങ്കുന്നത്തിനുമാണ് സർവീസ്.
രാവിലെ ഏഴിന് കോട്ടയത്തുനിന്നു നെടുങ്കുന്നം സർവീസ് ആരംഭിക്കും. പാന്പാടി ഗ്രാമ സേവിനി റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു ബസിനെ കുളിപ്പിച്ചൊരുക്കിയത്. ഡ്രൈവറെയും കണ്ടക്ടറെയും മധുരംനല്കി ആദരിച്ചു. ബസ് കഴുകാൻ യാത്രക്കാരും ഒപ്പം ചേർന്നു. റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.ആർ. രാജൻ നേതൃത്വം നല്കി.