വൈക്കം: ലോക്ഡൗണിനെ തുടർന്നു വിജനമായ നഗരവീഥികളിൽ കുതിരയെ പായിച്ചു നാലാം ക്ലാസുകാരൻ താരമാകുന്നു.
റിംഗ് മാസ്റ്റർ തോട്ടുവക്കം മെല്ലെക്കാട്ട് രാജീവിന്റെ മകൻ വൈക്കം ലിസ്യു സ്കൂളിലെ നാലാം ക്ലാസുകാരൻ കാർത്തിക്കാണു കുതിരപുറത്തു പാഞ്ഞ് മുതിർന്നവരേയും അതിശയിപ്പിക്കുന്നത്.
മമ്മൂട്ടി, ചിരഞ്ജീവി, പ്രഭാസ് തുടങ്ങിയ താരരാജാക്കൻമാരുടെ സിനിമകളിൽ കുതിരയെ പരിശീലിപ്പിക്കാൻ പിതാവ് രാജീവ് പോയപ്പോൾ കുതിര കന്പക്കാരനായ കാർത്തിക്കും ഒപ്പം പോയിരുന്നു.
ബാഹുബലി, മാമാങ്കം, സൈററെഡ്ഢി, മഹതീര എന്നി ബ്രഹ്മാമാണ്ഡ സിനിമകളിൽ കുതിരകൾക്ക് പരിശീലനം നൽകാൻ കാർത്തിക്കിന്റെ പിതാവ് രാജീവുണ്ടായിരുന്നു.
ലോക്ഡൗണിനു മുന്പുവരെ തോട്ടുവക്കത്തെ രാജീവിന്റെ വീട്ടിൽ അന്പത്തിലധികം കുതിരകളുണ്ടായിരുന്നു. ഇപ്പോൾ പലതിനെയും വിറ്റു. ഇനി ശേഷിക്കുന്നത് 15 എണ്ണമാണ്.
ഇതിനെയെല്ലാം പരിശീലിപ്പിക്കുന്ന രാജീവിന്റെ സഹായിയായി കുതിരകൾക്കു തീറ്റ നൽകുന്നതിനും മേയ്ക്കുന്നതിനുമൊക്കെ കാർത്തിക്കുമുണ്ട്.
കുതിരകൾക്കു പുറമെ നായ്ക്കൾ, പൂച്ച, കോഴി, താറാവ് തുടങ്ങിയയും ഇവിടെ വളർത്തുന്നുണ്ട്. മലയാളം, തമിഴ് സിനിമകളിലേക്ക് നായ്ക്കളെ നൽകുന്നതും കാർത്തിക്കിന്റെ പിതാവ് രാജീവാണ്.
റോട്ട് വീലർ, ജർമൻ ഷെപ്പേർഡ്, ലാബ്രഡോർ, മെല്ലായിസ് എന്നി ഇനത്തിലുള്ള നായ്ക്കളെയാണ് സിനിമകളിൽ കൂടുതൽ ആവിശ്യം. നാടൻ ഇനത്തിൽപ്പെട്ട വിവിധയിനം നായ്ക്കളും ഇവിടെയുണ്ട്.
കുരച്ചു ചാടി ഭീതി പരത്തുന്ന നായ്ക്കളും കുതിച്ചു പായുന്ന കുതിരകളുമെല്ലാം കാർത്തിക്കെന്ന ഒന്പതുകാരന്റെ മുന്നിൽ അനുസരണയോടെ നിൽക്കുന്നത് കാണുന്നവരേയും അതിശയിപ്പിക്കുന്നു.
മൃഗങ്ങളെ കലർപ്പില്ലാതെ സ്നേഹിക്കുന്നവരെ അവയ്ക്കു തിരിച്ചറിയാമെന്നും നമ്മൾ കാട്ടുന്ന പരിഗണനയുടെ പതിൻമടങ്ങ് സ്നേഹം അവ തിരിച്ചു തരുമെന്നാണ് തങ്ങളുടെ അനുഭവമെന്ന് രാജീവും കാർത്തിക്കും പറയുന്നു.