ആരൊക്കെ എന്തൊക്കെ ന്യായീകരണങ്ങള്‍ നിരത്തിയാലും, എന്തുതന്നെ സംഭവിച്ചാലും ആക്രമിക്കപ്പെട്ട നടിയ്ക്കൊപ്പം തന്നെയായിരിക്കും താനും നടികര്‍ സംഘവും നില്‍ക്കുകയെന്ന് തമിഴ് നടന് കാര്‍ത്തി. തമിഴ് നടികര്‍ സംഘത്തിലെ അംഗം കൂടിയായ നടിയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും തമിഴ് സിനിമ അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ ട്രഷറര്‍ കൂടിയായ നടന് കാര്‍ത്തി ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
തന്നോടൊപ്പമുള്ള സ്ത്രീകളെ സംരക്ഷിക്കുക എന്നത് പുരുഷന്റെ കടമയാണ്. സിനിമാരംഗത്തു മാത്രമല്ല, വീട്ടിലും സമൂഹത്തിലും പുരുഷനു സ്ത്രീയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. ‘ചില സ്ത്രീകള്‍ക്ക് സ്വയം സംരക്ഷിക്കാന്‍ സാധിക്കും. മറ്റുള്ളവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഓരോ പുരുഷനുമുണ്ട്.’ കാര്‍ത്തി പറഞ്ഞു.
നടീനടന്മാര്ക്കു നേരെ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ശക്തമായ സംഘടനയ്ക്കു മാത്രമെ അവരെ സംരക്ഷിക്കാന്‍ കഴിയൂ എന്നും കാര്‍ത്തി കൂട്ടിച്ചേര്‍ത്തു. ആക്രമിക്കപ്പെട്ട നടിയ്ക്കൊപ്പാണ് നടികര്‍ സംഘം നില്‍ക്കുന്നതെന്ന് അറിയിച്ച കാര്‍ത്തി അവരുടെ സ്വകാര്യതയിലേക്കു കടന്നുകയറ്റം നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു.
അവര്‍ക്ക് എന്തെങ്കിലും പിന്തുണ ആവശ്യമുണ്ടെങ്കില്‍ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടിയെ ആക്രമിച്ച സംഭവം നടന്ന ഉടന്‍ തന്നെ നടികര്‍ സംഘം കേരള മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നുവെന്നും അദ്ദേഹം വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്നും കാര്‍ത്തി അറിയിച്ചു. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന് പരിപാടികളുടെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു കാര്‍ത്തി.