ജയ്പുർ: ശ്രീലങ്കൻ പര്യടനത്തിൽ വെടിക്കെട്ട് ബാറ്റിംഗിലൂടെ ഇന്ത്യയെ കിരീടത്തിലെത്തിച്ചതുമുതൽ ദിനേശ് കാർത്തികിന്റെ ശുക്രദശയാണ്. ധോണിയുടെ പകരക്കാരനായാണ് കാർത്തികിനെ ഇപ്പോൾ വാഴ്ത്തുന്നത്.
ഐപിഎലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനായ കാർത്തിക് രാജസ്ഥാൻ റോയൽസിനെതിരേ പുറത്തെടുത്ത പ്രകടനം ഏവരും വാഴ്ത്തുകയാണ്. 23 പന്തിൽ 42 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന കാർത്തിക്, ധോണിയെ അനുസ്മരിപ്പിച്ച് ബെൻ ലാഫ്ലിംഗിന്റെ പന്ത് സിക്സർ പറത്തിയായിരുന്നു വിജയ റണ്‍ കുറിച്ചതും.
രാജസ്ഥാൻ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയെ സ്റ്റംപ് ചെയ്ത് പുറത്താക്കിയതും ധോണിയുടെ നിഴലിൽനിന്ന് പുറത്തുവന്ന കാർത്തികിന് പ്രശംസയേകി. രാജസ്ഥാന്റെ ഇന്നിംഗ്സിലെ ഏഴാം ഓവറിലായിരുന്നു കാർത്തികിന്റെ മിന്നും സ്റ്റംപിങ്ങ്. നിതീഷ് റാണയുടെ പന്ത് ഫ്ളിക് ചെയ്യാനുള്ള ശ്രമത്തിൽ ക്രീസിൽനിന്ന് പുറത്തുകടന്ന രഹാനെയ്ക്ക് പിഴച്ചു.
പന്ത് പാഡിൽകൊണ്ട് പിച്ചിൽ. ഞൊടിയിടയിൽ ഒരു ഗ്ലൗ ഉപേക്ഷിച്ച് ചാടി പന്തെടുത്ത കാർത്തിക് ഡൈവ് ത്രോയിലൂടെ വിക്കറ്റ് തെറിപ്പിച്ചു. ധോണിയുടെ ഗ്ലൗ ഉപേക്ഷിച്ചുള്ള ത്രോയെ അനുസ്മരിപ്പിക്കുന്നതായിരുന്നു ആ സ്റ്റംപിങ്ങ്.