എടത്വ: ഭിന്നശേഷിക്കാരനായ കുട്ടി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് പതിനായിരം രൂപ. തലവടി തുണ്ടിയിൽ മനോജിന്റെയും ബിന്ദുവിന്റെയും മകനായ കാർത്തിക് മനോജാണ് പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ദുരിതാശ്വാസ നിധികളിലേക്ക് അയ്യായിരം രൂപ വീതം ആകെ പതിനായിരം രൂപാ നൽകിയത്.
കഴിഞ്ഞ ആറ് മാസമായി ലഭിച്ച വികലാംഗ പെൻഷൻ തുകയാണ് നൽകിയത്. ആനപ്രന്പാൽ ദേവസ്വം യുപി സ്കൂൾ ആറാംക്ലാസ് വിദ്യാർത്ഥിയാണ് കാർത്തിക്. കുട്ടനാട് തഹസിൽദാർ വിജയസേനൻ കാർത്തിക് മനോജിന്റെ കയ്യിൽ നിന്ന് തുക ഏറ്റുവാങ്ങി.
ഡപ്യൂട്ടി തഹസിൽദാർമാരായ സുഭാഷ്, ശ്രീകുമാർ, സജീവ്, ബിജെപി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ, ജനറൽ സെക്രട്ടറി പി.കെ വാസുദേവൻ, ജില്ല സേവക് പ്രമുഖ് കെ. ബിജു, പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, വിജയകുമാർ, റ്റി.ഡി സുരേന്ദ്രൻ, പി.ആർ സന്തോഷ് എന്നിവർ സന്നിഹിതരായിരുന്നു.