കൊളംബോ: ത്രിരാഷ്ട്ര ട്വന്റി-20 പരമ്പരയുടെ കലാശപ്പോരാട്ടത്തിൽ ടീം ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാനായത് സ്വപ്ന തുല്യമായ നേട്ടമാണെന്ന് ഇന്ത്യൻ താരം ദിനേശ് കാർത്തിക്. ഫൈനലിൽ കളിച്ച ഷോട്ടുകൾ നന്നായി പരിശീലിച്ചിരുന്നുവെന്നും കാർത്തിക് പറഞ്ഞു. കഴിഞ്ഞ കുറേ മാസങ്ങളായി തനിക്ക് പൂർണ പിന്തുണ തന്ന ടീം സപ്പോർട്ടിംഗ് സ്റ്റാഫിനോടാണ് ഏറെ കടപ്പാടെന്നും കിരീടം നേടാനായിരുന്നില്ലെങ്കിൽ ടൂർണമെന്റിലെ മറ്റ് ജയങ്ങൾ അപ്രസക്തമായേനെ എന്നും കാർത്തിക് കൂട്ടിച്ചേർത്തു.
ബംഗ്ലാദേശിനെതിരായ ഫൈനലിൽ അവസാന പന്തിൽവരെ ഉദ്വേഗം നിറച്ചാണ് നീലപ്പടയെ കാർത്തിക് വിജയത്തിലേക്ക് കൈപിടിച്ചുയർത്തിയത്. അവസാന പന്തിൽ ജയിക്കാൻ അഞ്ചു റൺസെന്ന വെല്ലുവിളി കിടിലൻ സിക്സറിലൂടെ മറികടന്നാണ് കാർത്തിക് ഇന്ത്യക്ക് ആവേശജയവും കിരീടവും സമ്മാനിച്ചത്.
167 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയെ അരങ്ങേറ്റക്കാരൻ വിജയ് ശങ്കറുടെ തുഴച്ചിൽ തോൽവിയിലേക്ക് വലിച്ചടുപ്പിച്ചുകൊണ്ടിരുന്ന സമയത്താണ് കാർത്തിക് അവതരിച്ചത്. കാർത്തിക് ക്രീസിലെത്തുമ്പോൾ രണ്ടോവറിൽ ഇന്ത്യക്ക് ജയിക്കാൻ 34 റൺസാണ് വേണ്ടിയിരുന്നത്. നേരിട്ട ആദ്യ പന്ത് തന്നെ കാർത്തിക് വേലിക്കെട്ടിനു മുകളിലൂടെ പറത്തി. ആ ഓവറിൽ കാർത്തിക് ആകെ നേടിയത് 22 റൺസ്!.
ഒടുവിൽ അവാസാന ബോളിൽ ജയിക്കാൻ അഞ്ച് റൺസ് വേണമെന്നിരിക്കെ ഓഫ് സ്റ്റംപിന് പുറത്തേക്കുപോയ പന്തിൽ കാർത്തിന്റെ അളന്നുകുറിച്ച ഷോട്ട്. ബൗണ്ടറി ലൈനും കടന്ന് പന്ത് കൃത്യം ലക്ഷ്യത്തിൽ ലാൻഡ് ചെയ്തപ്പോൾ അമിതാഹ്ലാദങ്ങളില്ലാതെ നിറചിരിയോടെ നിൽക്കുകയായിരുന്നു ഈ ഡൽഹി താരം.