റെനീഷ് മാത്യു
കണ്ണൂർ: അട്ടപ്പാടി മഞ്ചക്കണ്ടിയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകൾ കേന്ദ്രരഹസ്യാന്വേഷണ വിഭാഗം വിലയിട്ടവരിൽ പ്രമുഖർ. കൊല്ലപ്പെട്ട ദക്ഷിണേന്ത്യയിലെ ഗറില്ലാ കമാൻഡറും ഭവാനി ദളത്തിന്റെ ചുമതലയുള്ളതുമായ മണിവാസകവും കാർത്തികും ഛത്തീസ്ഗഡിലും ജാർഖണ്ഡിലും ഗറില്ലാ പരിശീലനത്തിൽ പങ്കെടുത്തവരാണെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.
എകെ 47 ഉപയോഗിക്കുന്നതിൽ അതിവിദഗ്ധനാണ് മണിവാസകം. കാർത്തിക് ദക്ഷിണേന്ത്യൻ മാവോയിസ്റ്റ് സംഘത്തിലെ ഷാർപ്പ് ഷൂട്ടർ. രണ്ടുപേർക്കും തമിഴ്നാട് സർക്കാർ രണ്ടുലക്ഷം രൂപ വിലയിട്ടിരുന്നു.
കൂടാതെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മാവേയിസ്റ്റ് പട്ടികയിലുള്ളവരാണ് ഇവർ.തമിഴ്നാടിന് പുറമേ ആന്ധ്രയിലെ എസ്ഐബി (സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ബ്യൂറോ), കർണാടക നക്സൽവിരുദ്ധ സേന, ഒഡീഷ, ഛത്തീസ്ഗഡ്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ ലുക്കൗട്ട് നോട്ടീസ് പ്രഖ്യാപിച്ചവരാണ് മണിവാസകവും കാർത്തികും. ഒഡിഷയിൽ കൊലപാതകക്കേസ് ഉൾപ്പെടെയുള്ള കേസുകളിൽ കാർത്തിക് പ്രതിയാണ്.
മണിവാസകത്തിനെതിരേ കണ്ണൂരിലെ കേളകം, അഗളി, എടക്കര, സേലം, മതിക്കോൺ, പാളയം, ഉദൻകരി തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ ഒൻപതോളം കേസുകളുണ്ട്. കേരള വനാതിർത്തിയിൽ 28 തവണ ആയുധങ്ങളുമായി മണിവാസകന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. തമിഴ്നാട് സേലം സ്വദേശിയായ മണിവാസകത്തെ കഴിഞ്ഞ 10 വർഷമായി തമിഴ്നാട്ടിൽ നിന്ന് കാണാതായതാണ്.
കൊല്ലപ്പെട്ട മാവോയിസ്റ്റ് അംഗമായ കാർത്തികിന് തേനി, ഒഡീഷയിലെ ക്വാരാപ്പൂർ, അഗളി, വഴിക്കടവ്, എടക്കര, താമരശേരി, തിരുനെല്ലി, വൈത്തിരി എന്നീ പോലീസ് സ്റ്റേഷനുകളിൽ 15 കേസുകളുണ്ട്. 65 തവണ ആയുധവുമായി കേരളത്തിന്റെ വനാതിർത്തി പ്രദേശങ്ങളിൽ കാർത്തിക് സന്ദർശനം നടത്തിയിട്ടുണ്ട്.
പത്തുവർഷമായി തമിഴ്നാട്ടിൽ നിന്ന് കാണാതായതാണ് കാർത്തികിനെ. കൊല്ലപ്പെട്ട മാവോയിസ്റ്റ് അംഗങ്ങളായ രണ്ടുപേരെ ഇതുവരെ പോലീസ് തിരിച്ചറിഞ്ഞിട്ടില്ല. തമിഴ്നാട് സ്വദേശികളായ അരവിന്ദ്, രമ എന്നിവരാണ് ഇവരെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.