കോട്ടയം: ഡീസൽ വിലക്കുതിപ്പിൽ ആശ്വാസം തേടി കോട്ടയത്തും സ്വകാര്യ ബസ് സിഎൻജി ഇന്ധനത്തിൽ ഓട്ടം തുടങ്ങി.
കോട്ടയം-ചേർത്തല റൂട്ടിൽ സർവീസ് നടത്തുന്ന കാർത്തിക ബസാണു പ്രകൃതി വാതകം ഇന്ധനമാക്കിയിരിക്കുന്നത്.
ഡീസൽ വില 96 രൂപയിലെത്തിയിരിക്കെ സർവീസ് നഷ്ടം കുറയ്ക്കാനുള്ള ശ്രമത്തിലാണ് സിഎൻജി സിലിണ്ടറുകൾ സ്ഥാപിച്ചത്.
സിഎൻജി കിറ്റിനും പൈപ്പിനും മറ്റ് സംവിധാനങ്ങൾക്കുമായി അഞ്ചു ലക്ഷം രൂപ വേണ്ടിവന്നു.
കോവിഡും ലോക്ഡൗണും വന്നതോടെ ബസ് സർവീസ് നഷ്ടത്തിലായിരിക്കെ കെഎഫ്സിയിൽനിന്നു ലോണെടുത്താണ് ഉടമ കുമരകം കുന്നത്തുകളത്തിൽ രശ്മി ശശിധരൻ സിഎൻജി കിറ്റ് വച്ചത്.
ജില്ലയിൽ സിഎൻജി പന്പുകളില്ലാത്തതിനാൽ ചേർത്തലയിൽ നിന്നു പത്തു കിലോമീറ്റർ അകലെയുള്ള പന്പിൽ ബസ് എത്തിച്ചാണ് ദിവസവും സിഎൻജി നിറയ്ക്കുന്നത്.
എറണാകുളത്തുള്ള വർക്ക് ഷോപ്പിൽ ഡീസൽ ടാങ്ക് മാറ്റി എട്ട് സിഎൻജി സിലിണ്ടറുകൾ വച്ചു പകരം സംവിധാനം ഏർപ്പെടുത്തുകയായിരുന്നു.
നിലവിൽ 58 രൂപയാണ് ഒരു കിലോ സിഎൻജിയുടെ വില. 34 കിലോ മീറ്റർ ദൈർഘ്യമുള്ള റൂട്ടിൽ നാലു ട്രിപ്പുകളാണ് ദിവസേന ഈ ബസ് സർവീസ് നടത്തുന്നത്.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിലവിൽ സിഎൻജി പന്പുകളില്ല. ഈ സാഹചര്യത്തിൽ സാന്പത്തിക ആശ്വാസം തേടുന്ന മറ്റ് ബസുടമകൾക്കും ഇതിനുള്ള സാഹചര്യമില്ലാതായി.
എറണാകുളത്ത് 15 സ്വകാര്യ ബസുകൾ സിഎൻജിയിൽ ഇപ്പോൾ ഓട്ടം നടത്തുന്നുണ്ട്. ഐഒസി അദാനി ഗ്യാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് സംസ്ഥാനത്തെ സിഎൻജി വിതരണ ഏജൻസി.