വടകര: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകി കാർത്തികപ്പള്ളിയിലെ പെണ്‍കൂട്ടായ്മ ന·യുടെ വെളിച്ചം പകരുന്നു. ടാസ്ക് എന്ന വാട്ട്സ് ആപ്പ് കൂട്ടായ്മ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിക്കഴിഞ്ഞു. പ്രളയക്കെടുതിയിൽപെട്ടവർക്ക് ഇപ്പോഴും ആശ്വാസം പകരുകയാണ് ഈ വനിതാ സംഘം.
പ്രളയകാലത്ത് വയനാട്ടിലെ ആദിവാസി കോളനികളിൽ അരിയും മറ്റു സാധനങ്ങളും ഇവർ എത്തിച്ചുനൽകി. കാർത്തികപ്പള്ളി പ്രദേശത്തെ വീടുകളിൽ നിന്നാണ് റേഷൻ അരി ശേഖരിച്ച് ഇതിനു വഴി കണ്ടെത്തിയത്. കോളനികളിലെ അവസ്ഥ നേരിൽ കണ്ട് മനസിലാക്കിയ സംഘം വീണ്ടുമെത്തി. തുണിത്തരങ്ങൾ, പായകൾ, കുട്ടികൾക്ക് ബാഗ്, നോട്ട്ബുക്ക് എന്നിവയാണ് ഇവർ രണ്ടാം വരവിൽ കൈമാറിയത്.
വേളത്ത് പ്രളയത്തിനിടയിൽ വെള്ളത്തിൽ വീണു മരിച്ച അനീഷിന്റെ കുടുംബത്തിന് താങ്ങും തണലുമേകുന്നതിനു വീടുവീടാന്തരം കയറിയിറങ്ങുകയാണ് ഈ പെണ്‍കൂട്ടായ്മ. വൃക്ക രോഗികളായ നിരവധി പേർക്ക് ഇവർ സഹായം നൽകിയിട്ടുണ്ട്. വിജിന പ്രസിഡന്റും രൻസി സെക്രട്ടറിയും സജിന ഖജാൻജിയുമായ കൂട്ടായ്മക്ക് ഈ പ്രദേശത്തെ ചെറുപ്പക്കാരുടെ അകമഴിഞ്ഞ പ്രോത്സാഹനമുണ്ട്. പുതുതലമുറയെ കൂടെ കൂട്ടാൻ ഈ കൂട്ടായ്മ ശ്രമം നടത്തിവരുന്നു.