അഗളി: ആർഭാടമായ പരസ്യങ്ങളില്ലാതെ അട്ടപ്പാടിയിൽനിന്നും കാടിന്റെ മക്കളുടെ കാർത്തുന്പി കുടകൾ പറന്നുതുടങ്ങി. മലമടക്കുകളിലെ ആദിവാസികുടിലുകളിലെ കൂട്ടായ്മയാണ് കുടനിർമിച്ചത്.ഒന്നും രണ്ടും മൂന്നും മടക്കുകളുള്ള നീല. വയലറ്റ്, ആകാശനീല, ചുവപ്പ്, കറുപ്പ് നിറങ്ങളിലുള്ള നൂറുകണക്കിന് കുടകളാണ് ഓരോദിവസവും ഇവർ നിർമിക്കുന്നത്. ചാലക്കുടിയിൽ വിദഗ്ധ പരിശീലനം നേടിയ ഏഴംഗസംഘം ഉൗരുനിവാസികൾക്ക് നിർമാണത്തിൽ വൈദഗ്ധ്യം നല്കി.
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപത്താണ് ആദിവാസി കൂട്ടായ്മ ഇപ്പോൾ കുടനിർമാണശാല നടത്തുന്നത്. പ്രധാന ആദിവാസി സംഘടനയായ തന്പിന്റെ സെക്രട്ടറി രാജേന്ദ്രപ്രസാദാണ് അമ്മമാരുടെ കൂട്ടായ്മയ്ക്ക് വഴികാട്ടിയായത്. 2016 അവസാനത്തോടെയാണ് കുടനിർമാണം തുടങ്ങിയത്.
കള്ളമല ഉൗരിലെ നഞ്ചൻ-ചെല്ലി ദന്പതികളുടെ മകൻ രമേശ്, നല്ലശിങ്ക ഉൗരിലെ വെള്ളിങ്കിരി-പാർവതി ദന്പതികളുടെ മകൾ ലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലാണ് കുടനിർമാണം.വിവിധ ഉൗരുകളിൽനിന്നായി മുപ്പത്തിയഞ്ചുമുതൽ അറുപതുവരെ പട്ടികവർഗക്കാർ ദിനംപ്രതി കുടനിർമാണത്തിൽ ഏർപ്പെടുന്നു.
ഓരോമാസവും പതിനയ്യായിരം രൂപയെങ്കിലും സന്പാദിക്കാൻ കഴിയുന്നുണ്ടെന്ന് തൊഴിലാളികൾ പറയുന്നു. കുടയ്ക്കൊപ്പം ബാഗ്, നോട്ടുബുക്ക് തുടങ്ങിയവയുടെ നിർമാണത്തിനും പദ്ധതിയുണ്ടെന്ന് രമേശ് പറഞ്ഞു.മുംബൈയിൽനിന്നാണ് കുടശീലയും കന്പികളും മറ്റ് അനുബന്ധ വസ്തുക്കളും എത്തിക്കുന്നത്. നിർമിക്കുന്ന കുടകൾ വില്പന നടത്തുന്നതിനു വിപണി കണ്ടെത്തുന്നത് ശ്രമകരമാണെന്ന് സംഘാടകർ പറഞ്ഞു.
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും അഗളി, പുതൂർ, ഷോളയൂർ ഗ്രാമപഞ്ചായത്തുകളും സഹായഹസ്തങ്ങളുമായി വന്നത് ആശ്വാസകരമാണെന്ന് സംഘാടകർ പറഞ്ഞു. ഇതുകൂടാതെ ടെക്നോപാർക്കിലേക്കും വിവിധ കോളജുകളിലേക്കും സുഹൃത്തുക്കൾ മുഖേന കുടവിതരണം നടത്താനും ലക്ഷ്യമിടുന്നു.
ഉറപ്പുള്ള കന്പികളും ബലവത്തായ കുടശീലകളും ഉപയോഗിച്ച് കെട്ടുറപ്പുള്ള നൂലുകളാൽ നിർമിക്കുന്ന കുടകൾ കരുത്തുറ്റതാണെന്നാണ് ആദിവാസികൾ പറയുന്നത്.ആദിവാസി കൂട്ടായ്മയുടെ കുടനിർമാണത്തെക്കുറിച്ചു കേട്ടറിഞ്ഞ് നിരവധിപേർ കുടവാങ്ങാൻ നിർമാണ യൂണിറ്റിലേക്ക് എത്തുന്നുണ്ട്.
മഴക്കാലം ആരംഭിക്കുന്നതോടെ വിവിധ സ്ഥലങ്ങളിലേക്ക് വിതരണത്തിനു ആയിരക്കണക്കിനു കാർത്തുന്പി കുടകളാണ് നിർമിച്ചിട്ടുള്ളത്.തണലത്തിരുന്നു ശ്രമകരമല്ലാത്ത ജോലിയിലൂടെ നല്ലവരുമാനം നേടാനുള്ള മാർഗമാണ് കാർത്തുന്പി കുടനിർമാണത്തിലൂടെ സാധ്യമാകുന്നതെന്ന് ആദിവാസി വീട്ടമ്മമാർ പറഞ്ഞു.