അഗളി: അട്ടപ്പാടി ആദിവാസി അമ്മമാരുടെ വരുമാനദായക പദ്ധതിയായ കാർതുന്പി കുടകൾക്ക് താങ്ങായി എസ്.ശർമ എംഎൽഎയുടെ വിദ്യാഭ്യാസ പദ്ധതിയായ വെളിച്ചം’ പദ്ധതി.
നൂറുമേനി വിജയം കൊയ്ത എറണാകുളം വൈപ്പിൻ നിയോജകമണ്ഡലത്തിലെ കോതാട്, കടമക്കുടി, എഴുപുന്ന സ്കൂളുകളിലെ കുട്ടികൾക്ക് 2000-ത്തോളം കാർതുന്പി കുടകൾ വാങ്ങി നല്‍കിയാണ് അട്ടപ്പാടി ആദിവാസി അമ്മമാരുടെ ജീവിതത്തിലേയ്ക്ക് വെളിച്ചമേകുന്ന രീതിയിൽ പദ്ധതി നടപ്പിലാക്കിയത്
കുടവിതരണോദ്ഘാടനം കഴിഞ്ഞദിവസം വൈപ്പിനിൽ എസ്.ശർമ എംഎൽഎ നിർവഹിച്ചു. കാടിന്റെ മക്കളും കടലിന്റെ മക്കളും അടങ്ങുന്ന രണ്ടു സാമൂഹിക- സാംസ്കാരിക സാഹചര്യങ്ങളുടെ ഇഴചേരലാണ് ഇതിലൂടെ സാധ്യമാകുന്നതെന്ന് എംഎൽഎ പറഞ്ഞു. കുടവിതരണത്തിന് സാന്പത്തികസഹായം അനുവദിച്ചത് പെട്രോളിയം കന്പനിയായ ബിപിസിഎൽ ആണ്.
ആദിവാസി കൂട്ടായ്മയായ തന്പ്’ ആണ് കാർതുന്പി കുടകൾ വിപണിയിൽ എത്തിച്ചത്. തന്പ്’ അധ്യക്ഷൻ രാജേന്ദ്രപ്രസാദ്, കാർതുന്പി പദ്ധതി പ്രവർത്തകരായ കെ.എൻ. രമേശ്, ലക്ഷ്മി ഉണ്ണികൃഷ്ണൻ, ജ്യോതി, ഹരീഷ് കണ്ണൻ എന്നിവരും വിതരണോദ്ഘാടനത്തിൽ പങ്കെടുത്തു.
പട്ടികവർഗ ക്ഷേമവകുപ്പിന്റെ സാന്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓണ്‍ലൈൻ കൂട്ടായ്മയായ പീസ് കളക്ടീവ്, പ്രോഗ്രസീവ് ടെക്കീസ് എന്നീ കൂട്ടായ്മകളും വിപണനത്തിൽ തന്പിനെ സഹായിക്കുന്നു.