പ്രായം ഒന്നിനും തടസമല്ല എന്ന് വാക്കിലൂടെയല്ല, പ്രവര്‍ത്തിയിലൂടെ തെളിയിച്ച് പുതിയ തലമുറയ്ക്ക് മാതൃകയായിരിക്കുകയാണ് തൊണ്ണൂറ്റാറുകാരിയായ കാര്‍ത്യായനിയമ്മ. സംഭവം എന്തെന്നല്ലേ, സാക്ഷരതാ മിഷന്റെ നാലാം ക്ലാസ് തുല്യതാ പരീക്ഷയില്‍ നൂറില്‍ 98 മാര്‍ക്കോടെ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനക്കാരിയായിരിക്കുകയാണ് ഈ ‘വലിയ’ മിടുക്കി.
പല്ലുകള്‍ കൊഴിഞ്ഞ്, ശരീരത്തില്‍ പ്രായത്തിന്റെ ക്ഷീണമൊക്കെയുണ്ടെങ്കിലും ചുറുചുറുക്കിലും ഓര്‍മശക്തിയിലും താന്‍ ചെറുപ്പമാണെന്നു കൂടിയാണ് കാര്‍ത്യായനിയമ്മ ഇതിലൂടെ തെളിയിച്ചിരിക്കുന്നത്.
98 മാര്‍ക്കെന്നത് നാലാം ക്ലാസ് തുല്യതാ പരീക്ഷയുടെ ചരിത്രത്തിലെ റെക്കോര്‍ഡാണെന്ന് സാക്ഷരതാ മിഷന് പറയുന്നു. പാസായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് മുഖ്യമന്ത്രി വെള്ളിയാഴ്ച നല്‍കും. സാക്ഷരതാ മിഷന്റെ അക്ഷരഫലം പദ്ധതിയുടെ ഭാഗമായിരുന്നു ഈ പരീക്ഷ. 99.08 ശതമാനമാണ് വിജയശതമാനം. 43,330 പേര് പരീക്ഷയെഴുതിയതില്‍ 42,933 പേരും വിജയിച്ചു.
നൂറാം വയസ്സില്‍ പത്താം ക്ലാസ് തുല്ല്യതാ പരീക്ഷ പാസ്സാവണമെന്ന മോഹമാണ് കാര്‍ത്യായനിയമ്മയ്ക്ക് ഇനിയുള്ളത്. കാര്‍ത്യായനിയമ്മയുടെ അടുത്തിരുന്ന് പരീക്ഷയെഴുതിയ രാമചന്ദ്രന്‍പിള്ളയ്ക്ക് 88 മാര്‍ക്കാണ് ലഭിച്ചത്. ഒരു പത്രത്തില്‍ ഇരിവരും അടുത്തടുത്തിരുന്ന് പരീക്ഷയെഴുതുന്ന ചിത്രം വന്നിരുന്നു. അത് വൈറലുമായിരുന്നു.
നേരത്തെ പരീക്ഷയെഴുതാന്‍ എത്തിയ കാര്‍ത്യായനിയമ്മയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. റിസള്‍ട്ട് വന്നതോടെ വീണ്ടും താരമായിരിക്കുകയാണ് കാര്‍ത്യായനിയമ്മ.