ഓഗസ്റ്റ് ആറാം തിയതി കേരളത്തില്‍ അച്ചടിച്ച് വന്ന മിക്ക പത്രങ്ങളിലും ഒരു ഫോട്ടോയുണ്ടായിരുന്നു, മറ്റാരെയും, മറ്റൊന്നും ശ്രദ്ധിക്കാതെ പരീക്ഷയെഴുതിക്കൊണ്ടിരിക്കുന്ന ഒരു അമ്മൂമ്മ, കാര്‍ത്യായനിയമ്മ. കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ ഭാഗമായി നടത്തിയ അക്ഷരലക്ഷം പരീക്ഷയായിരുന്നു വേദി. പരീക്ഷയെഴുതിയവരില്‍ ഏറ്റവും പ്രായമുള്ള വ്യക്തി എന്ന നിലയില്‍ അന്ന് സ്റ്റാറായ അമ്മൂമ്മ ഇക്കഴിഞ്ഞ ദിവസം റിസള്‍ട്ട് വന്നതോടെ സൂപ്പര്‍സ്റ്റാറായിരിക്കുകയാണ്. തൊണ്ണൂറ്റെട്ട് മാര്‍ക്കോടെ ഒന്നാം റാങ്കാണ് അമ്മൂമ്മ കരസ്ഥമാക്കിയിരിക്കുന്നത്.
എന്നാല്‍ അവിടംകൊണ്ട് തീരുന്നില്ല, അമ്മൂമ്മയുടെ ആഗ്രഹവും പ്രതീക്ഷയുമെന്നതാണ് യുവതലമുറയ്ക്കുപോലും അമ്മൂമ്മ ഒരു അത്ഭുതമായി തോന്നുന്നതിന് കാരണം. വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി കാര്‍ത്യായനി അമ്മ സര്‍ട്ടിഫിക്കറ്റ് വാങ്ങി. പഠിക്കണമെന്ന് തോന്നാന്‍ കാരണമെന്തെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് കുട്ടികള്‍ പഠിക്കുന്നതു കണ്ടപ്പോള്‍ തോന്നിയ ആഗ്രഹമെന്നായിരുന്നു മറുപടി.
ഇനി എന്താണ് ആഗ്രഹമെന്ന ചോദ്യത്തിന് പത്താംതരം ജയിക്കണമെന്നും കംപ്യൂട്ടര്‍ പഠിക്കണമെന്നുമാണ് ഇനിയുള്ള ആഗ്രഹമെന്നും കാര്‍ത്യായനി അമ്മ മുഖ്യമന്ത്രിയോടു പറഞ്ഞു. മുഖ്യമന്ത്രിയെ ചങ്ങമ്പുഴയുടെ രമണനിലെ വരികള്‍ കാര്‍ത്യായനി അമ്മ പാടി കേള്‍പ്പിക്കുകയും ചെയ്തു.
സുഗതകുമാരി, സാക്ഷരതാ മിഷന് ഡയറക്ടര്‍ ഡോ. പി.എസ്.ശ്രീകല, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഡോ. വിജയമ്മ, കെ.അയ്യപ്പന്‍നായര്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രശാന്ത് കുമാര്‍, കാര്‍ത്യായനി അമ്മയുടെ അധ്യാപികയും സാക്ഷരതാ പ്രേരകായ സതി തുടങ്ങിയവര്‍ പങ്കെടുത്തു.
കാര്‍ത്യായനി അമ്മ മുന്‍പ് സ്കൂളില്‍ പോയിട്ടേയില്ല. ഇളയ മകള്‍ അമ്മിണിയമ്മ രണ്ടു വര്‍ഷം മുമ്പ് പത്താം ക്ലാസ് തുല്യതാ പരീക്ഷ ജയിച്ചത്. അന്നുമുതല്‍ കാര്‍ത്യായനി അമ്മയ്ക്ക് പഠിക്കണമെന്നുള്ള മോഹം തുടങ്ങി. അമ്പലങ്ങളില്‍ തൂപ്പുജോലി ചെയ്താണ് മക്കളെ വളര്‍ത്തിയത്. കണ്ണിന്റെ ശസ്ത്രക്രിയ നടത്തിയതല്ലാതെ ഈ പ്രായത്തില്‍ ആശുപത്രിയില്‍ കയറിയിട്ടേയില്ല. സസ്യാഹാരമാണ് ശീലം.
ചിലപ്പോള്‍ ദിവസങ്ങളോളം കഴിക്കില്ല. ചോറുണ്ണുന്നത് അപൂര്‍വം. എന്നും പുലര്‍ച്ചെ നാലിനുണരുന്നതാണ് കാര്‍ത്യായനി അമ്മയുടെ ശീലം. ചെറിയ കാര്യത്തിന് നിരാശപ്പെടുകയും ചെറിയ കാര്യത്തിന് അഹങ്കരിക്കുകയും ചെയ്യുന്ന സ്വഭാവക്കാരായ പുതിയ തലമുറയിലെ പലര്‍ക്കും അമ്മൂമ്മ ഒരു മാതൃകയാണ്. ആത്മവിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകം.