സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പദ്ധതിയില്‍ നാലാം ക്ലാസ് തുല്യതാ പരീക്ഷയില്‍ നൂറില്‍ തൊണ്ണൂറ്റെട്ട് മാര്‍ക്ക് വാങ്ങി തൊണ്ണൂറ്റാറുകാരിയായ കാര്‍ത്ത്യായനിയമ്മ താരമായിരുന്നു. ഇനിയും പഠിക്കണമെന്നും പത്താം ക്ലാസ് പാസാവണമെന്നും പിന്നീട് കമ്പ്യൂട്ടര്‍ പഠിക്കണമെന്നുമുള്ള അവരുടെ ആഗ്രഹം ആളുകള്‍ അത്ഭുതത്തോടെയാണ് കേട്ടതും.
ദേശീയ മാധ്യമങ്ങളടക്കം കാര്‍ത്ത്യായനി അമ്മയുടെ നേട്ടം വാര്‍ത്തയാക്കിയപ്പോള്‍ അനവധിയാളുകള്‍ അവരെ അഭിനന്ദിച്ചും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കാര്‍ത്ത്യായനിയമ്മയെ കാണാന്‍ നടി മഞ്ജുവാര്യരെത്തിയിരിക്കുന്നു. നൂറാംവയസില്‍ പത്താംക്ലാസ് പരീക്ഷയെഴുതി നൂറില്‍ നൂറും വാങ്ങണം എന്നാണ് മഞ്ജു കാര്‍ത്ത്യായനിയമ്മയോട് പറഞ്ഞത്.
‘സാധാരണ പലരും വെറ്റിലയില്‍ നൂറുതേച്ചിരിക്കുന്ന പ്രായത്തിലാണ് അമ്മൂമ്മ ഇത് പറയുന്നതെന്നോര്‍ക്കണം! സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെയൊക്കെ ലക്ഷ്യത്തിലെത്തുന്നതും ‘നല്ലമാര്‍ക്ക്’ നേടുന്നതും കാണുമ്പോള്‍ അതിനൊപ്പം പ്രവര്‍ത്തിക്കാനായതില്‍ അഭിമാനം തോന്നുന്നു. കാര്‍ത്ത്യായനി അമ്മയെ കണ്ടശേഷം മഞ്ജുവാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.