കായംകുളം: ശങ്കർ സ്മാരക ദേശീയ കാർട്ടൂൺ മ്യൂസിയം ഗാ ലറിയിൽ സെപ്റ്റംബർ രണ്ടു മുതൽ നടക്കുന്ന കാർട്ടൂണിസ്റ്റ് സുധീർ നാഥിന്റെ കാർട്ടൂൺ പ്രദർശനം കാണാൻ എത്തിയതു പ്രമുഖരുടെ നിര. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടക്കം ഒട്ടേറെ പ്രമുഖർ എത്തി. ‘സുധീരലോകം’ എന്നു പേരിട്ട പ്രദർശനം ഒരുക്കിയതു കേരള ലളിതകലാ അക്കാദമിയാണ്. പ്രദർശനം കണ്ടറിങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശക പുസ്തകത്തിൽ കുറിച്ചത് “എക്സലന്റ്’. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറിച്ചത് “അമൈസിംഗ്…”
“നമുക്കു സ്വാമി ശരണം മതി, ജയ് ശ്രീറാം വേണ്ടെന്ന് അപ്പഴേ പറഞ്ഞതാണ്” എന്നു പരിഭവിക്കുന്ന ഭാര്യയുടെ കാർട്ടൂൺ സമീപകാലത്തു നടന്ന വാഹനാപകടവും ശബരിമല വിഷയവും കോർത്തിണക്കിയുള്ളതായിരുന്നു. ഈ കാർട്ടൂണിനു മുന്നിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒരു നിമിഷം നിന്ന് ആസ്വദിച്ചു.
പ്രളയഫണ്ടിൽ പരാതിയുമായി രമേശ് ചെന്നിത്തല ഗവർണറെ കണ്ട വാർത്തയെ അടിസ്ഥാനപ്പെടുത്തി 2018 ഒാഗസ്റ്റിൽ വരച്ച കാർട്ടൂണിൽ ‘ഞങ്ങടെ ഭരണത്തിലും പ്രളയം വരും, ഞങ്ങടെ മാവും പൂക്കും’ എന്ന് ആശ്വസിക്കുന്ന കാർട്ടൂൺ കണ്ടു ചെന്നിത്തലയ്ക്കു ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.‘ബന്ധുനിയമന വിവാദത്തിൽ ജയരാജനും ശ്രീമതിക്കും പിണറായിയുടെ ശാസന’ എന്ന അടിക്കുറുപ്പിൽ വെളിച്ചപ്പാടായി വന്ന പിണറായുടെ കാർട്ടൂണിനു മുന്നിൽ മുഖ്യമന്ത്രി ഒന്നു നിന്നു.
പ്രദർശനത്തിനു വച്ച എല്ലാ കാർട്ടൂണുകളും കണ്ടിട്ടാണ് മുഖ്യമന്ത്രി മടങ്ങിയത്.കാർട്ടൂൺ പ്രദർശനത്തിന്റെ സമാപന ദിവസമായ ഇന്നലെ എം.എ. ബേബി, പ്രതിഭ എംഎൽഎ, മുൻസിപ്പൽ ചെയർമാൻ ശിവദാസൻ, സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി നാസർ, ആലപ്പുഴ ജില്ലാ കോൺഗ്രസ് പ്രസിഡന്റ് എം. ലിജു, ഫ്രാൻസിസ് മാവേലിക്കര, അഡ്വ. റൂബി രാജ് തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തു.
കാർട്ടൂൺ പ്രദർശനം നടന്ന എല്ലാ ദിവസവും കാർട്ടൂണിസ്റ്റ് ശങ്കർ, ഒ.വി. വിജയൻ, അബു, അരവിന്ദൻ, ടോംസ് തുടങ്ങിയവരെക്കുറിച്ചുള്ള ഡോക്കുമെന്ററികൾ പ്രദർശിപ്പിച്ചു. അൻപത് കാർട്ടൂണുകളാണു പ്രദർശനത്തിലുണ്ടായിരുന്നത്.
കേരള കാർട്ടൂൺ അക്കാദമിയുടെ മുൻ സെക്രട്ടറി, ട്രഷറർ, എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ച സുധീർനാഥ് തേജസ് പത്രത്തിന്റെ എഡിറ്റോറിയൽ കാർട്ടൂണിസ്റ്റായിരുന്നു.