കറുകച്ചാൽ: പത്താക്ലാസ് വിദ്യാർഥിനിയായ പെണ്‍കുട്ടിയെ രണ്ടു വർഷത്തോളമായി പീഡിപ്പിച്ച കേസിൽ ബന്ധുവായ യുവാവിനെ കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് ചങ്ങനാശേരി സ്വദേശികളായ മറ്റു രണ്ടു പേർകൂടി പ്രതികളാണെന്നു സൂചന.
നെടുംകുന്നത്ത് വാടകയ്ക്കു താമസിക്കുന്ന ചങ്ങനാശേരി സ്വദേശിയായ പെണ്‍കുട്ടിയാണ് ഒരാഴ്ച മുന്‍പ് ചൈൽഡ്ലൈൻ അധികൃതർക്ക് പരാതി നൽകിയത്.
പിതാവിന്റെ ബന്ധുവായ യുവാവ് ചങ്ങനാശേരിയിലേയും നെടുംകുന്നത്തെയും വീട്ടിലെത്തി പലവട്ടം പീഡിപ്പിച്ചെന്നാണ് പരാതി.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ വർക്കലയിൽനിന്നും പോലീസ് പിടികൂടിയത്. കുറ്റം സമ്മതിച്ച പ്രതിയെ ചങ്ങനാശേരി കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ ചങ്ങനാശേരി സ്വദേശികളായ മറ്റു രണ്ടുപേർ കൂടി പീഡിപ്പിച്ചെന്നാണ് മൊഴി നൽകിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടു പേരെകൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായാണ് വിവരം. ഇതു സംബന്ധിച്ച് പോലീസ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.