കറുകച്ചാൽ: കറുകച്ചാലിലെ റോഡുകൾ വീണ്ടും കുരുതിക്കളമാകുന്നു. ഇന്നലെ രാത്രിയുണ്ടായ അപകടത്തിൽ രണ്ടു യുവാക്കളുടെ ജീവൻ നഷ്ടമായി. ഓട്ടോറിക്ഷയും സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് രണ്ട് പേർ മരിച്ചത്.
നാലു പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ കറുകച്ചാൽ ദൈവംപടി വിത്തിരികുന്നേൽ നാരായണന്റെ മകൻ ധനരാജ് (25), പരുത്തിമൂട് താന്നിക്കൽ മധുവിന്റെ മകൻ നിഥിൻ (23) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നിഥിന്റെ സഹോദരൻ ജിതിനെ (18) കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഓട്ടോ ഡ്രൈവർ ചേറ്റുതടത്തിൽ സി.പി. അജയൻ (41), മാമുണ്ട കിഴക്കേപ്പറന്പിൽ കെ.ആർ. വിജയൻ (60), മാമുണ്ട പടിക്കാക്കുളം ഷാർളി (46) എന്നിവരെ കറുകച്ചാലിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9.30നു ചങ്ങനാശേരി-വാഴൂർ റോഡിൽ എൻഎസ്എസ് ജംഗ്ഷനിലായിരുന്നു അപകടം.
ചങ്ങനാശേരി ഭാഗത്തു നിന്നും കറുകച്ചാലിലേക്ക് വരികയായിരുന്ന സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച ശേഷം ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട ഓട്ടോ റോഡിൽ തലകീഴായി മറിഞ്ഞു. നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് അരമണിക്കൂറിലേറെ വാഴൂർ റോഡിൽ ഗതാഗതം മുടങ്ങി. കറുകച്ചാൽ പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം പുന: സ്ഥാപിച്ചത്. അപകടത്തിൽപ്പെട്ടവർക്ക് ഹെൽമറ്റ് ഇല്ലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.