കറുകച്ചാൽ: ഇനി കടത്തിണ്ണയിൽ നിന്ന് വെയിലും മഴയും യാത്രക്കാർ കൊള്ളേണ്ട. കറുകച്ചാൽ ബസ്സ്റ്റാൻഡിൽ പുതിയ ബസ് കാത്തിരിപ്പു കേന്ദ്രം ഇന്ന് തുറക്കും. കാത്തിരിപ്പുകേന്ദ്രത്തിന്റെ ഉദ്ഘാടനം വൈകിട്ട് നാലിന് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജുകുമാർ നിർവഹിക്കും.
2018-19 വാർഷിക പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കാത്തിരിപ്പുകേന്ദ്രത്തിന്റെയും ഷോപ്പിംഗ് കോംപ്ലക്സിന്റെയും നിർമാണം പൂർത്തിയായി. ഇതോടെ വർഷങ്ങൾ നീണ്ട ജനങ്ങളുടെ ആവശ്യമാണ് സാക്ഷാത്കരിച്ചത്. നിരവധി ബസുകളും ആയിരക്കണക്കിന് യാത്രക്കാരും എത്തുന്ന ബസ്സ്റ്റാൻഡിൽ കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു.
മഴക്കാലത്തും വേനൽക്കാലത്തും ഒരേപോലെ കടത്തിണ്ണകളിലും സ്്റ്റാൻഡിന്റെ വശങ്ങളിലുമായിരുന്നു യാത്രക്കാരുടെ കാത്തു നിൽപ്പ്. ഇതോടെയാണ് ബസ്സ്റ്റാൻഡിൽ കാത്തിരിപ്പുകേന്ദ്രവും ഷോപ്പിംഗ് കോംപ്ലക്സും നിർമിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിച്ചത്. കഴിഞ്ഞ മൂന്ന് ബജറ്റുകളിലെയും പതിവ് വാഗ്ദാനമായിരുന്നു കാത്തിരിപ്പുകേന്ദ്രം.
എന്നാൽ വിവിധ കാരണങ്ങളാൽ പദ്ധതി നടപ്പായില്ല. ഇക്കുറി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപയ്ക്കാണ് അഞ്ച് കടമുറികളും കാത്തിരിപ്പുകേന്ദ്രവുമടങ്ങിയ കെട്ടിടം നിർമിച്ചത്.