ചങ്ങനാശേരി: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലായ മാമ്മൂട് കാവുങ്കൽപടി കോലത്തുമലയിൽ സുബിൻ മോഹൻ (25) നിരവധി കേസുകളിലെ പ്രതിയായ കൊടും ക്രിമിനൽ എന്നു പോലീസ്. ഇയാളുടെ ക്രിമിനൽ പശ്ചാത്തലം പരിശോധനയ്ക്കു വിധേയമാക്കി. കഞ്ചാവിനും മദ്യത്തിനും അടിമയായ സുബിനെ അടിപിടി ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുള്ളതായും പോലീസ് പറഞ്ഞു.
ഇതുസംബന്ധിച്ചുള്ള അന്വേഷണങ്ങളും പോലീസ് ആരംഭിച്ചിട്ടുണ്ട്. സുബിന്റെ ഭാര്യ അശ്വതി (19) യാണ് കൊലചെയ്യപ്പെട്ടത്. തലയിലുണ്ടായ ആഴത്തിലുള്ള മുറിവും തലച്ചോറിനേറ്റ ക്ഷതവുമാണ് അശ്വതിയുടെ മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
കൊലപാതകം നടന്ന മാമ്മൂട്ടിലെ വാടക വീട്ടിൽ ഇന്നലെ പോലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. ഇന്ന് തെളിവ് ശേഖരണത്തിന്റെ ഭാഗമായി ഡോഗ് സ്ക്വാഡും എത്തുന്നുണ്ട്. ജില്ലാ പോലീസ് മേധാവി പി.എസ്. സാബുവിന്റെ നിർദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി എസ്. സുരേഷ് കുമാർ, കറുകച്ചാൽ സിഐ സലിം, എസ്ഐ രാജേഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
മാനസികാസ്വാസ്ഥ്യവും അതിക്രമങ്ങളും പ്രകടിപ്പിച്ചതിനെത്തുടർന്ന് സുബിൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ മാനസികരോഗ വിഭാഗത്തിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. ഡിസ്ചാർജ് ചെയ്തശേഷമേ അറസ്റ്റ് രേഖപ്പെടുത്തൂ.