കങ്ങഴ (കോട്ടയം): മുണ്ടത്താനത്ത് ഗുണ്ടാ സംഘം യുവാവിനെ വെട്ടി കൊലപ്പെടുത്തിയശേഷം കാൽപാദം മുറിച്ചെടുത്ത് റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ കറുകച്ചാൽ പോലീസ് അന്വേഷണം ആരംഭിച്ചു.മുണ്ടത്താനം ഇടയപ്പാറ വടക്കേറാട്ട് വാണിയപ്പുരയ്ക്കൽ തന്പാന്റെ മകൻ മനേഷ് (32) ആണ് മരിച്ചത്.
സംഭവശേഷം പ്രതികളായ കടയിനിക്കാട് വില്ലൻപാറയിൽ പുതുപ്പറന്പിൽ ജയേഷ് (32), കുമരകം കവണാറ്റിൻകര സച്ചു ചന്ദ്രൻ (23) എന്നിവരാണ് അറസ്റ്റിലായത്. കോട്ടയം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന മനേഷിന്റെ മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.
കൊലപാതകത്തിനു പ്രതികൾക്കു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. പ്രതികളെ ഇന്നു സ്ഥലത്തെത്തിച്ചു തെളിവെടുത്തേക്കും.
കൊലപാതകത്തിനുശേഷം മുറിച്ചു മാറ്റിയ കാൽപാദം ജയേഷും സച്ചുവും ചേർന്നു കങ്ങഴ ഇടയപ്പാറ കവലയിൽ റോഡരികിൽ ഉപേക്ഷിച്ചശേഷം മണിമല സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
കാൽപാദം കണ്ടതോടെ നാട്ടുകാരും പോലീസും ചേർന്നു നടത്തിയ അന്വേഷണത്തിലാണ് മുണ്ടത്താനത്തു നിന്നും ഒന്നരകിലോമീറ്റർ മാറി മുണ്ടത്താനം ചെളിക്കുഴിയിലെ റബർതോട്ടത്തിൽ മനേഷിന്റെ മൃതദേഹവും കണ്ടെത്തിയത്.
നാളുകളായി ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചത്. മനേഷും ജയേഷും തമ്മിൽ ഏറെക്കാലമായി വൈരാഗ്യത്തിലായിരുന്നു. തുടർന്ന് മനേഷിനെ കൊല്ലാനായി ഇവർ നേരത്തെ പദ്ധതിയിട്ടിരുന്നു.
ഇന്നലെ രണ്ടരയോടെ ചെളിക്കുഴി ഭാഗത്തുവെച്ച് കാറിൽ സഞ്ചരിക്കവേ മനേഷിനെ കണ്ട പ്രതികൾ ഓടിച്ച് റബർതോട്ടത്തിലിട്ട് വടിവാളിന് വെട്ടുകയായിരുന്നു. കറുകച്ചാൽ എസ്എച്ച്ഒ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
കറുകച്ചാൽ കുഴപ്പം പിടിച്ച സ്ഥലമായോ ?
കറുകച്ചാലും സമീപ പ്രദേശങ്ങളും ലഹരി മാഫിയയുടെ താവളമായി മാറിയതോടെ ഗുണ്ടാ വിളയാട്ടവും പതിവാണ്. കങ്ങഴ, ഇടയപ്പാറ, മുണ്ടത്താനം, ഇടയിരിക്കപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലാണ് ലഹരി, ഗുണ്ട മാഫിയ സംഘങ്ങൾ അരങ്ങു വാഴുന്നത്. കഞ്ചാവ് കച്ചവടം, യാത്രക്കാരെ ആക്രമിച്ചു പണം തട്ടൽ, വ്യാപാരികൾക്കു നേരേ ആക്രമണം തുടങ്ങിയ സംഭവങ്ങൾ സമീപകാലത്ത് ഉണ്ടായിട്ടുണ്ട്.
നാളുകൾക്കു മുന്പ് മൂന്നു ഗുണ്ടകൾ ചേർന്നു പോലീസിനെ ആക്രമിച്ചിരുന്നു. മുണ്ടത്താനത്ത് രാത്രിയിൽ യാത്രക്കാരെ ആക്രമിച്ച് അവരുടെ മുഖത്ത് കുരുമുളക്് സ്പ്രേ അടിച്ചു പണവും സ്വർണവും തട്ടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കഞ്ചാവ് മാഫിയ ശല്യം രൂക്ഷമായതോടെ പ്രദേശവാസികൾ ഭീതിയോടെയാണ് കഴിയുന്നത്.
ഇന്നലെ മനേഷിനെ കൊലപ്പെടുത്തിയ പ്രതികളിൽ ഒരാളായ ജയേഷിനെ ആറുമാസം മുൻപ് കടയിനിക്കാട്ടെ വീട്ടിലെത്തിയ ഒരു സംഘം കാലിന് വെട്ടിപരിക്കേൽപിച്ചിരുന്നു. ഇത് മനേഷിന്റെ അറിവോടെയാണ് എന്നതാണ് പ്രതികളെ വൈരാഗ്യത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.
ഏതാനും നാളുകളായി ഇവർ മനേഷിനെ ആക്രമിക്കാനായി പദ്ധതിയിട്ടിരുന്നു. കഴിഞ്ഞ ദിവസം ജയേഷും സച്ചുവും മനേഷിനെ തേടി വിവിധ സ്ഥലങ്ങളിൽ എത്തിയിരുന്നു. ഇന്നലെ രാവിലെ മനേഷ് ചെളിക്കുഴി ഭാഗത്ത് ഉണ്ടെന്ന് മനസിലാക്കിയ ഇരുവരും വടിവാൾ അടക്കമുള്ള ആയുധങ്ങളുമായി കാറിൽ എത്തുകയായിരുന്നു.
ജയേഷിനെയും സച്ചുവിനെയും കണ്ട മനേഷ് പഞ്ചായത്ത് റോഡിൽ നിന്നും 400 മീറ്ററോളം റബർതോട്ടത്തിലൂടെ ഓടി. പിന്നാലെ എത്തിയ ഇവർ മനേഷിനെ വെട്ടുകയായിരുന്നു.
ജയേഷിന്റെ പേരിൽ പോലീസുകാരെ ആക്രമിച്ചതടക്കം നിരവധി കേസുകളാണ് സംസ്ഥാനത്തെ വിവിധ പേലീസ് സ്റ്റേഷനുകളിലുളളത്. കഞ്ചാവ് കച്ചവടമടക്കം നിരവധി കേസുകളിൽ ഇരുവരും മുൻപ് പിടിയിലായിട്ടുണ്ട്. കൊല്ലപ്പെട്ട മനേഷിന്റെ പേരിലും അടിപിടിയടക്കം നിരവധി കേസുകളുണ്ട്.പ്രശ്നങ്ങൾ പതിവായതോടെ പോലീസ് പെട്രോളിംഗ് കാര്യക്ഷമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു