കറുകച്ചാൽ: കറുകച്ചാലിലും സമീപ പ്രദേശങ്ങളിലും കള്ളൻമാർ വിലസുന്നു. വാഴൂർ, പതിനാലാംമൈൽ, കാഞ്ഞിരപ്പാറ, കാനം, മൈലാടി തുടങ്ങിയ പ്രദേശങ്ങളിലാണു മോഷണം പതിവായിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ചെറുതും വലുതുമായി 20ൽപ്പരം മോഷണവും നിരവധി മോഷണശ്രമങ്ങളുമാണ് നടന്നിട്ടുള്ളത്. ഭൂരിഭാഗം മോഷണങ്ങളും കുരിശുപള്ളികളിലും കാണിക്കമണ്ഡപങ്ങളിലുമാണ് നടന്നിരിക്കുന്നത്.
മോഷണങ്ങളുമായി ബന്ധപ്പെട്ടു ഒരാളെ പോലും പിടികൂടാൻ പോലീസിനു കഴിഞ്ഞിട്ടില്ല. കറുകച്ചാൽ, മണിമല, പള്ളിക്കത്തോട് തുടങ്ങി മൂന്നു പോലീസ് സ്റ്റേഷനുകളുടെ അതിർത്തി പ്രദേശങ്ങളിലാണു പതിവായി മോഷണം നടക്കുന്നത്. കഴിഞ്ഞ മാസം കാഞ്ഞിരപ്പാറയിൽ ഒരേ ദിവസം രണ്ടു കടകളുടെ പൂട്ട് തകർത്ത് മോഷണശ്രമം നടന്നിരുന്നു. ഇതേ കടകളിൽ തന്നെ മുൻപ് പലവട്ടം മോഷണം ഉണ്ടായിട്ടുണ്ട്.
കവലയിലെ കുരിശടിയുടെ പൂട്ട് തകർത്തതും, കാനത്ത് ക്ഷേത്രത്തിന്റെ കാണിയ്ക്കവഞ്ചി കുത്തിപ്പൊളിച്ചതും ഏതാനും നാളുകൾക്കു മുന്പാണ്. മൂന്നാഴ്ച മുന്പു മൈലാടിയിൽ പെട്ടിക്കട കുത്തിത്തുറന്ന് 1500 രൂപയും സാധനങ്ങളും മോഷ്ടിച്ചിരുന്നു. കങ്ങഴ ധർമ്മശാസ്താ ക്ഷേത്രത്തിലും കാണിക്കമണ്ഡപം തകർത്തു മോഷണം നടന്നിരുന്നു.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണു പതിനാലാംമൈൽ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയുടെ കുരിശടി തകർത്തു മോഷണശ്രമം ഉണ്ടായത്. വഴിയാത്രക്കാരെ കണ്ടതോടെ മോഷ്ടാവ് ഓടിരക്ഷപെട്ടു. കുരിശടിക്ക് പിന്നിൽനിന്നും ലഭിച്ച മോഷ്ടാവിന്േറതെന്നു കരുതുന്ന രണ്ടു സഞ്ചികളിൽനിന്നും പണവും, കന്പിപ്പാരയും പൂട്ടുപൊളിക്കുവാൻ ഉപയോഗിക്കുന്ന ആയുധങ്ങളും കണ്ടെടുത്തിരുന്നു.
പ്രദേശത്തെ സമാന മോഷണങ്ങൾക്ക് പിന്നിൽ ഒരാൾ തന്നെയാകാമെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. മോഷണം നടന്ന രാത്രിയിൽ കഐസ്ആർടിസി ബസുകൾക്കും കാറുകൾക്കും നേരെ കൊടുങ്ങൂരിൽ കല്ലേറുണ്ടായി. പോലീസിന്റ ശ്രദ്ധ മാറ്റാനായി മോഷ്ടാവ് തന്നെ കല്ലേറ് നടത്തിയതാണെന്നാണു കരുതുന്നത്. പ്രദേശത്ത് പോലീസിന്റെ രാത്രികാല പട്രോളിംഗ് ഉൗർജിതമാക്കണമെന്നും മോഷ്ടാക്കളെ ഉടൻ പിടികൂടണമെന്നും നാട്ടുകാരുടെ ആവശ്യപ്പെട്ടു.