‘കൊല്ലാന്‍ വേണ്ടി ചെയ്തതല്ല, അങ്ങനെ സംഭവിച്ചുപോയി’ ! കറുകച്ചാലില്‍ സ്വകാര്യ ബസ് ഡ്രൈവറെ കാറിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളുകള്‍ അഴിയുമ്പോള്‍…

കറുകച്ചാല്‍: വിവാഹ സത്കാരത്തിലെ വഴക്ക് വാക്കേറ്റമായി. കൊലപ്പെടുത്താന്‍ വേണ്ടി ചെയ്തതല്ലെങ്കിലും തലയ്‌ക്കേറ്റ മാരക ക്ഷതവും ശ്വാസകോശത്തിലേക്കു വാരിയെല്ല് ഒടിഞ്ഞു കയറിയതും മരണകാരമായി.

കറുകച്ചാലില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ കാറിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളുകള്‍ അഴിയുന്‌പോള്‍ അഴിക്കുള്ളിലേക്ക് സഹപ്രവര്‍ത്തകരായ സുഹൃത്തുക്കള്‍.

ചന്പക്കര ബംഗ്ലാംകുന്നില്‍ രാഹുലി (35)നെ കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ കാറിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹപ്രവര്‍ത്തകരായ തോട്ടയ്ക്കാട് തിയാനിയില്‍ സുനീഷ് (42), അന്പലക്കവല തകടിപ്പുറം വിഷ്ണു (26) എന്നിവരാണു പോലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

മൂവരും നെടുംകുന്നത്തിനു പോയി

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. ഓട്ടം കഴിഞ്ഞ് ബസ് ഗാരേജിലെത്തിയ മൂവരും രാത്രി 8.45ന് സഹപ്രവര്‍ത്തകനായ രഞ്ചുവിന്റെ വിവാഹ ചടങ്ങിനു നെടുംകുന്നത്തേക്കു പോയി.

ഇവിടെ എത്തിയശേഷം മദ്യപിച്ച രാഹുല്‍ സുനീഷിനെയും വിഷ്ണുവിനെയും അസഭ്യം പറഞ്ഞു. തുടര്‍ന്നു വാക്കുതര്‍ക്കമുണ്ടായി. രാത്രി 10.05നു മൂന്നുപേരും ഗാരേജില്‍ തിരികെയെത്തി.

അസഭ്യം പറഞ്ഞതു സംബന്ധിച്ചു ഇവിടെവച്ചു വീണ്ടും വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് സുനീഷും വിഷ്ണുവും ചേര്‍ന്ന് രാഹുലിനെ മര്‍ദിക്കുകയായിരുന്നു.

ടിക്കറ്റ് മെഷീന്‍കൊണ്ട് സുനീഷ് രാഹുലിന്റെ നെറ്റിക്ക് അടിച്ചു. നിലത്തുവീണ രാഹുലിന്റെ നെഞ്ചില്‍ വിഷ്ണു ചവിട്ടി. ഇതിനുശേഷം മര്‍ദനമേറ്റ രാഹുല്‍ ഗാരേജില്‍നിന്നും കാറെടുത്ത് വീട്ടിലേക്കു പോകുന്നതിനിടയില്‍ ശാരീരിക അസ്വാസ്ഥ്യമുണ്ടായതായും കാറില്‍നിന്നും പുറത്തിറങ്ങിയ രാഹുല്‍ റോഡില്‍ കിടന്ന് ഉരുണ്ട് കാറിനടിലേക്കു കയറിയതാകാമെന്നുമാണ് പോലീസ് പറയുന്നത്.

ശനിയാഴ്ച പുലര്‍ച്ചെ ആറിനാണ് രാഹുലിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിരുന്നു.

കൊലപാതകമെന്ന് സംശയിക്കാന്‍ കാരണം

പോസ്റ്റ്‌മോര്‍ട്ടത്തില്‍ തലയ്ക്കുള്ളിലും നെഞ്ചിലും ഗുരുതരമായ പരിക്ക് കണ്ടതോടെയാണു പോലീസ് കൊലപാതകമെന്നു സംശയിക്കുന്നത്. തുടര്‍ന്ന് സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.

അര കിലോഗ്രാം ഭാരമുള്ള ഇലക്ട്രോണിക് ടിക്കറ്റ് റാക്ക് കൊണ്ടുള്ള അടിയിലാണ് രാഹുലിന്റെ തലയോട്ടി പൊട്ടിയത്. അടിയുടെ ആഘാതത്തില്‍ താഴെ വീണ രാഹുലിനു വിഷ്ണുവിന്റെ ചവിട്ടേറ്റ് നെഞ്ചിലെ വാരിയെല്ല് ഒടിഞ്ഞു.

അതു രക്തം ശ്വാസകോശത്തില്‍ എത്താന്‍ കാരണമായി. ഈ ലക്ഷണങ്ങള്‍ കൊലപാതകമെന്ന സംശയത്തിലേക്കു വിരല്‍ചൂണ്ടി. പോലീസിന്റെ പ്രാഥമിക നിഗമനത്തില്‍ കാര്‍ നന്നാക്കുന്നതിനിടയില്‍ കാറിനടിയില്‍ ഞെരിഞ്ഞായിരിക്കാം മരണം എന്നായിരുന്നു.

കാറിനടിയില്‍ ഞെരിഞ്ഞാല്‍ ദേഹത്തുണ്ടാകുന്ന മുറിവ് ഇത്തരത്തില്‍ ആയിരിക്കില്ല എന്ന ഫോറന്‍സിക്കിന്റെ വെളിപ്പെടുത്തലും കേസില്‍ വഴിത്തിരിവായി.

കുറ്റമറ്റ അന്വേഷണം പോലീസ് നടത്തി

തെളിവുകള്‍ തേടിയുള്ള പോലീസിന്റെ കുറ്റമറ്റ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. രാഹുല്‍ മരിക്കുന്നതിന്റെ തലേ ദിവസം സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു എന്നതിനാല്‍ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം ആരംഭിച്ചത്.

പ്രതികളായ സുനീഷും വിഷ്ണുവും രാഹുലിന്റെ സംസ്‌കാരച്ചടങ്ങിലും പങ്കെടുത്തിരുന്നു. സുഹൃത്തിന്റെ വിവാഹസത്ക്കാരത്തിനു ശേഷം രാത്രിയില്‍ രാഹുലും തങ്ങളും സന്തോഷത്തോടെയായിരുന്നു പിരിഞ്ഞതെന്നാണ് പ്രതികള്‍ ആദ്യം പോലീസിനു മൊഴി നല്‍കിയത്.

വിവാഹ ചടങ്ങിനു ശേഷം നേരേ വീട്ടിലേക്കു പോയെന്നും രാഹുല്‍ ഗാരേജിലേക്കു പോയെന്നുമാണ് ഇവര്‍ മൊഴി നല്‍കിയത്.

സിസിടിവി, രക്തം, ഫോണ്‍വിളി

സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ പറഞ്ഞത് കള്ളമാണെന്നു തെളിഞ്ഞു. മൂന്നു പേരും രാത്രി 10നുശേഷം ഗാരേജിലേക്കു വരുന്ന ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു.

രാത്രി വിവാഹ സത്കാരത്തില്‍ നിന്നും തിരികെ പോയ സമയത്തെപ്പറ്റി ചോദിച്ചപ്പോള്‍ സുനീഷും രാഹുലും രണ്ട് ഉത്തരം പറഞ്ഞതും പ്രതിക്കൂട്ടിലാക്കി. രാഹുലിന്റെ വസ്ത്രങ്ങളില്‍നിന്നും ശേഖരിച്ച വിരലടയാളങ്ങള്‍ വിഷണുവിന്റെയും സുനീഷിന്റേതുമാണെന്നു തിരിച്ചറിഞ്ഞിരുന്നു.

രാഹുല്‍ കൊല്ലപ്പെടുന്നതിന്റെ അന്നു രാത്രി 10.20ന് ഭാര്യ ശ്രീവിദ്യ വിളിച്ചപ്പോള്‍ രാഹുല്‍ ഫോണ്‍ എടുത്തെങ്കിലും സംസാരിച്ചിരുന്നില്ല. രാഹുല്‍ ഒന്നും സംസാരിച്ചിരുന്നില്ലെങ്കിലും വിഷ്ണുവിന്റെയും സുനീഷിന്റെയും പേരുകള്‍ വിളിച്ച് രാഹുല്‍ ബഹളം വയ്ക്കുന്നത് ശ്രീവിദ്യ കേട്ടിരുന്നു.

റിക്കാര്‍ഡ് ചെയ്യപ്പെട്ട ഈ ഫോണ്‍ സംഭാഷണം ശ്രീവിദ്യ പോലീസിനും കൈമാറിയിരുന്നു. തുടര്‍ന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തു തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തതോടെ കുറ്റസമ്മതം നടത്തുകയായിരുന്നു.

സുഹൃത്തുക്കളുടെ മര്‍ദനമേറ്റ ശേഷം വീട്ടിലേക്കു സ്വയം കാറോടിച്ചു മടങ്ങിയ രാഹുല്‍ മര്‍ദനമേറ്റ പരിക്കു മൂലം അസ്വസ്ഥത ഉണ്ടായപ്പോള്‍ കാര്‍ നിര്‍ത്തി മരണവെപ്രാളത്തില്‍ കാറിനടിയില്‍ കയറിയതാണെന്നു പോലീസ് സംശയിക്കുന്നു. മെക്കാനിക്കല്‍ പണികള്‍ അറിയാവുന്ന ആളാണ് രാഹുല്‍.

മൃതശരീരം കണ്ടെത്തിയ സമയത്ത് രാഹുലിന്റെ മൊബൈല്‍ ഫോണിലെ ടോര്‍ച്ച് തെളിഞ്ഞിരുന്നു. രാഹുല്‍ മരണപ്പെട്ടുകിടന്ന സ്ഥലത്ത് പ്രതികള്‍ എത്തിയതിന്റെ തെളിവുകളൊന്നുമില്ല. ഇതാണ് സംശയത്തിലേക്കു പോലീസ് എത്താന്‍ കാരണം.

Related posts

Leave a Comment