കറുകച്ചാൽ: കറുകച്ചാലിൽ അയൽവാസിയുടെ കാല് തല്ലിയൊടിക്കാൻ ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തിയ വീട്ടമ്മ ചെയ്തത് പകരത്തിനു പകരം. ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തിയതിന് കറുകച്ചാൽ പ്ലാച്ചിക്കൽ മുള്ളൻകുന്ന് രാജി (45) ആണ് അറസ്റ്റിലായത്. ഇവരെ 14 ദിവസത്തേക്ക് കോടതി റിമാൻഡു ചെയ്തു.
ഒരു വർഷം മുൻപാണ് അയൽവാസി രമേശൻ രാജിയുടെ കാല് തല്ലിയൊടിച്ചത്. അതിർത്തി തർക്കമായിരുന്നു കാരണം. അന്നേ രാജി കരുതിയതാണ് രമേശന്റെ കാലും തല്ലിയൊടിക്കണമെന്ന്. അങ്ങനെയാണ് ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തിയത്.
25000 രൂപയായിരുന്നു രമേശന്റെ കാല് തല്ലിയൊടിക്കുന്നതിന് പ്രതിഫലം. എന്നാൽ ക്വട്ടേഷൻ സംഘം വിട്ടിലെത്തിയതോടെ നാട്ടുകാർ വീട് വളഞ്ഞ് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. അങ്ങനെ രാജിയുടെ മോഹം നടന്നില്ല. ഇപ്പോൾ അകത്താവുകയും ചെയ്തു.
ക്വട്ടേഷൻ സംഘത്തിൽ ഉണ്ടായിരുന്ന ആറ്റിങ്ങൾ നാവായിക്കുളം ശുപ്പാണ്ടി അനീഷ് (30), കുറുന്പനാടം കരിങ്കണ്ടത്തിൽ സോജി (28), പെരുന്ന കുരിശുംമൂട്ടിൽ ജാക്സണ് (24), വാഴൂർ പുളിക്കൽകവല പവ്വത്തുകാട്ടിൽ സനു പി.സജി (24), കൊല്ലം അയത്തിൽ വയലിൽപുത്തൻവീട്ടിൽ റിയാദ് (37), ആറ്റിങ്ങൽ കോരാണി മുജീബ് (33) എന്നിവരെ കറുകച്ചാൽ പോലീസ് രാജിയുടെ വീട്ടിൽ നിന്നും പിടികൂടിയിരുന്നു.
രാജിയും അയൽവാസിയായ രമേശൻ എന്നയാളുമായി കാലങ്ങളായി പണം സംബന്ധിച്ച് തർക്കവും നിലനിൽക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. രാജിയുടെ വീട്ടിലേക്ക് പുറത്തു നിന്നും ഗുണ്ടാസംഘത്തിൽപ്പെട്ടവരടക്കം എത്തുന്നതു രമേശനടക്കം പലരും ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതയായ രാജി രമേശന്റെ കൈകാലുകൾ തല്ലിയൊടിക്കാൻ ക്വട്ടേഷൻ സംഘത്തെ ഏർപ്പാടുചെയ്യുകയായിരുന്നു.