കറുകച്ചാൽ: വീസ തട്ടിപ്പു നടത്തി ലക്ഷങ്ങൾ തട്ടിയെടുത്ത വീട്ടമ്മയെ പിടികൂടുന്നതിനായി കറുകച്ചാൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഒന്നര വർഷമായി കറുകച്ചാൽ പനയന്പാലയ്ക്കു സമീപം വാടകയ്ക്കു താമസിച്ചു വരികയായിരുന്ന എറണാകുളം സ്വദേശിനി പുത്തൻവീട്ടിൽ ഷൈലാ ഷാജിയാണു നിരവധി പേരിൽ പണം തട്ടിയെടുത്തു മുങ്ങിയത്.
ഇവർക്കെതിരേ മറ്റു പോലീസ് സ്്റ്റേഷനുകളിൽ സമാനമായ കേസുകളുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. തട്ടിപ്പ് പുറത്തു വന്നതോടെ കൂടുതൽ പേർ പരാതിയുമായി എത്തുമെന്നു കരുതുന്നതായും പോലീസ് പറഞ്ഞു. ഇവരുടെ മൊബൈൽ ഫോണിൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണു പോലീസ് ഇപ്പോൾ അന്വേഷണം നടത്തുന്നത്.
ആറു മാസം മുന്പാണു കേസിനാസ്പദമായ സംഭവം. ഇവരുടെ ഭർത്താവ് ദുബായിലെ വൻകിട സ്ഥാപനത്തിലെ ജിവനക്കാരനാണന്നും വിവിധ കന്പനികളിൽ വിവിധ തസ്തികകളിൽ ജോലി വാങ്ങി നൽകാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. വീസയുടെ ആദ്യപടിയായി ചിലരിൽ നിന്നും ഇരുപതിനായിരവും അതിനു മുകളിലും പണം വാങ്ങിയതായി പറയപ്പെടുന്നു.
കറുകച്ചാൽ, ചങ്ങനാശേരി, ചന്പക്കര, മല്ലപ്പള്ളി സ്വദേശികളായ പതിനഞ്ചോളം പേരിൽ നിന്നുമാണു ഇവർ ഇത്തരത്തിൽ പണം തട്ടിയെടുത്തത്. പറഞ്ഞ സമയം കഴിഞ്ഞിട്ടും വിസ ലഭിക്കാത്തതിനാൽ പരാതിക്കാർ വീട്ടിൽ എത്തിയപ്പോൾ എത്രയും വേഗത്തിൽ ശരിപ്പെടുത്താമെന്നും വിശ്വാസമില്ലാത്തവർക്കു പണം തിരികെ നൽകാമെന്നും ഇവർ പറഞ്ഞിരുന്നു.
ഇവരുടെ വാക്കുകളിൽ വിശ്വസിച്ചവർ മടങ്ങി പോകുകയും ചെയ്തു. പിന്നീട് ഇവരുടെ നന്പറിൽ വിളിച്ചപ്പോൾ കിട്ടാതെയുമായി. വാടക വീട്ടിൽ അന്വഷിച്ചപ്പോൾ ഇവർ രണ്ടുമാസം മുന്പ് ഇവിടെ നിന്നും പോയതായും അറിഞ്ഞു. ഇവരുടെ കളമശേരിയിലെ മേൽവിലാസത്തിൽ അന്വേഷിച്ചപ്പോൾ വ്യാജമാണന്നും മനസിലായി.
ഇതോടെയാണ് പരാതിക്കാർക്കു കബളിപ്പിക്കപ്പെട്ടതായി മനസിലായത്. ചങ്ങനാശേരി സ്വദേശികളായ നാലു പേരും, ചന്പക്കര സ്വദേശിയായ ഒരാളുമാണു കഴിഞ്ഞ ദിവസം കറുകച്ചാൽ സ്റ്റേഷനിൽ പരാതി നൽകിയിട്ടുള്ളത്. വീട്ടമ്മയെ ഉടൻ പിടികൂടുമെന്ന പോലീസ് പറഞ്ഞു.