കറുകച്ചാൽ: ഒടുവിൽ കറുകച്ചാലിന്റെ ഉറക്കം കെടുത്തിയ പരന്പര മോഷ്ടാവ് പോലീസിന്റെ പിടിയിൽ. കോഴിക്കോട് പിലാശേരി കൈയ്യെത്തിയാലുങ്കൽ അജയ് (19)ആണ് കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയിലായത്. മൂന്നാഴ്ചയോളമായി പ്രദേശത്ത് നിരവധി മോഷണമാണ് ഇയാൾ നടത്തിയത്.
ഏതാനും ദിവസം മുന്പ് കറുകച്ചാലിലെ ഒരു ഹോട്ടലിൽ ഇയാൾ ജോലിക്കു കയറിയിരുന്നു. ജോലി കഴിഞ്ഞശേഷം രാത്രികാലങ്ങളിലാണ് മോഷണത്തിനായി ഇറങ്ങിയിരുന്നത്.
നെടുംകുന്നം പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ മേൽക്കൂര തകർത്ത് 128 രൂപയും പത്തനാട് സ്റ്റേഷനറിക്കട കുത്തിപ്പൊളിച്ച് 4000രൂപയും നെടുംകുന്നത്തെ മില്ലിൽനിന്നും 1000രൂപയും മല്ലപ്പള്ളി റോഡിലെ ഷാപ്പിൽനിന്നും 5000രൂപയും മോഷ്ടിച്ചിരുന്നു.
കാനത്ത് സ്റ്റേഷനറിക്കടയിൽ മോഷണം നടത്തിയതും ഇയാളാണെന്നു പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ബാലുശേരി, കുന്നമംഗലം എന്നിവിടങ്ങളിൽ ബൈക്ക് മോഷണവും നടത്തി.
മാണികുളത്ത് മോഷണം നടന്ന മില്ല്, കഴിഞ്ഞ ദിവസം മോഷണം നടന്ന പ്രാഥമികാരോഗ്യകേന്ദ്രത്തിന് സമീപത്തെ കടകൾ എന്നിവിടങ്ങളിൽനിന്നും ശേഖരിച്ച ദൃശ്യങ്ങളിൽ നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹോട്ടലിൽനിന്നും ഇയാളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.