അന്പലപ്പുഴ: നാട്ടുകാരുടെ പ്രതിഷേധ സമരം ഫലം കണ്ടില്ല, റെയിൽവേ ക്രോസ് അടച്ചു. ദുരിതത്തിലായി നാട്ടുകാർ. കരുമാടി ഗുരുമന്ദിരം റെയിൽവേ ഗേറ്റാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ അടച്ചത്. വൻ പോലീസ് സന്നാഹത്തോടെയായിരുന്നു റെയിൽവെ അധികൃതർ ഗേറ്റ് അടച്ചു പൂട്ടിയത്.
ഗേറ്റ് അടച്ചുപൂട്ടാൻ റെയിൽവേ വർഷങ്ങൾക്കു മുന്പ് തീരുമാനമെടുത്തിരുന്നതാണ്. ഏതാനും ആഴ്ച മുന്പ് ഗേറ്റ് അടക്കാനായി ഉദ്യോഗസ്ഥർ എത്തിയപ്പോൾ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്നാണ് ഇവിടെ കുടിൽ കെട്ടി സമരം ആരംഭിച്ചത്.
കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധം കണക്കിലെടുക്കാതെയാണ് ഇപ്പോൾ ഗേറ്റ് പൂട്ടിയത്. ഇനി പ്രദേശവാസികൾക്ക് ആശ്രയം കിഴക്കു ഭാഗത്തെ അണ്ടർ പാസേജാണ്. എന്നാൽ വലിയ ചരക്ക് ലോറികൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് ഇതിലൂടെ സഞ്ചരിക്കാനാകില്ല. ഇതു പ്രദേശത്തെ കൊയ്ത്തിനെയും പ്രതികൂലമായി ബാധിക്കും.
ലോറികളിൽ കൊയ്ത്തുയന്ത്രം അണ്ടർ പാസേജിലൂടെ എത്തിക്കാൻ കഴിയില്ല. ഇത് കാർഷിക മേഖലയേയും ബാധിക്കുമെന്നാണ് ആശങ്കയുയർന്നിരിക്കുന്നത്. ഗേറ്റ് അടച്ചെങ്കിലും സമരം ശക്തമായി തുടരാൻ തന്നെയാണ് തീരുമാനമെന്ന് നാട്ടുകാർ പറഞ്ഞു.