റെയിൽവേ ഗേറ്റ് സ്ഥിരമായി അടച്ചു പൂട്ടുന്നതിനെതിരേ പ്രതിഷേധം
അന്പലപ്പുഴ: ദിവസേന നൂറ് കണക്കിന് പേർ സഞ്ചരിക്കുന്ന കരുമാടി ഗുരുമന്ദിരം മങ്കൊന്പ് റോഡിലെ റെയിൽവേ ഗേറ്റ് സ്ഥിരമായി അടച്ചു പൂട്ടുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം.
എൽസി 97-ാം നന്പർ ഗേറ്റാണ് റെയിൽവേ അധികൃതർ സ്ഥിരമായി അടച്ചിടാൻ നീക്കം നടത്തുന്നത.് പ്രളയകാലത്ത് ആയിരക്കണക്കിന് കുടുംബങ്ങൾക്ക് രക്ഷാമാർഗമായ ഈ റോഡ് അടച്ചു പൂട്ടുന്നതു മൂലം സമീപവാസികളായ വിദ്യാർഥികൾക്ക് സ്കൂളുകളിലെത്താൻ രണ്ടര കിലോമീറ്ററിലധികം യാത്ര ചെയ്യേണ്ടതായി വരും.
സമീപത്തെ നിരവധി പാടശേഖരങ്ങളിൽ കൊയ്ത്ത് യന്ത്രമെത്തിക്കുന്നതും വിളവെടുപ്പിനു ശേഷം ടണ്‍ കണക്കിന് നെല്ല് ചെറിയ വാഹനങ്ങളിൽ പ്രധാന റോഡിൽ എത്തിക്കുന്നതിന്നും ഈ റോഡാണ് ഏക ആശ്രയം.
മുന്നൂറോളം കുടുംബങ്ങളിൽ നിന്നുള്ളവർ ജോലി ചെയ്യുന്ന വ്യവസായ സ്ഥാപനത്തിലേക്കും എത്തുന്നതിനുള്ള ഏക സഞ്ചാര മാർഗമാണിത്. പ്രധാന പാതയായ അന്പലപ്പുഴ തിരുവല്ല റോഡിലേക്കും നാട്ടുകാർക്ക് എത്തേണ്ട റോഡ് അടച്ചു പൂട്ടുന്പോൾ ഈ ഭാഗത്തേക്ക് ആംബുലൻസുകൾ പോലും കടന്ന് വരാത്ത സ്ഥിതിയാണ്ടുണ്ടാവുന്നു.
റോഡ് അടച്ചു പൂട്ടിയാൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.