കരുമാലൂർ: കരുമാലൂർ തട്ടാംപടിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 10 പവൻ സ്വർണം കവർന്ന കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. മോഷണം നടത്തിയ വീട്ടിൽ ജോലി ചെയ്തിരുന്ന രണ്ട് സ്ത്രീകളെയും കാറ് ഓടിക്കുന്ന ഡ്രൈവറെയും പോലീസ് ചോദ്യം ചെയ്തിരുന്നു.
പ്രഫഷണൽ മോഷ്ടക്കളല്ല ഈ കവർച്ചക്ക് പിന്നില്ലെന്നും വീടുമായി അടുത്ത ബന്ധമുള്ളവരാണ് കവർച്ച നടത്തിയെതെന്നുമാണ് പോലീസ് നിഗമനം. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം നടന്നത്.തട്ടാംപടി കവലയ്ക്കു സമീപം താമസിക്കുന്ന മേനാച്ചേരി എം.സി. വർഗീസിന്റെ വീട്ടിലാണ് മോഷണം നടന്നത്.
മക്കൾ വിദേശത്ത് ആയതിനാൽ പ്രായമായ വർഗീസും ഭാര്യയും തനിച്ചാണ് ഇവിടെ താമസിക്കുന്നത്. ഇന്നലെ പുലർച്ചെ 4.20 ന് ഇവർ വീട്ടിൽനിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു ചികിത്സയ്ക്കായി പോയിരുന്നു. തിരിച്ചെത്തി മുൻവശത്തെ വാതിൽ തുറക്കാൻ നോക്കിയപ്പോഴാണു പൂട്ട് തകർത്ത നിലയിൽ കണ്ടത്.
ഉടൻ തന്നെ ആലങ്ങാട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ അടച്ചിട്ട മുഴുവന് മുറികളും തുറന്ന നിലയിൽ കാണപ്പെട്ടു. തുടർന്ന് വീട്ടുകാർ പരിശോധിച്ചപ്പോൾ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതായും കണ്ടെത്തി.
വീട്ടിൽ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ചാണ് അലമാര തുറന്നിരിക്കുന്നത്. കൂടാതെ വസ്ത്രങ്ങൾ വലിച്ചു വാരിയിട്ട നിലയിലായിരുന്നു. പിൻവശത്തെ വാതിലും തുറന്നിട്ട നിലയിലായിരുന്നു. കമ്പിപാരയും കല്ലും ഉപയോഗിച്ചാണു വീടിന്റെ വാതിൽ കുത്തിത്തുറന്നതെന്നു പോലീസ് പറഞ്ഞു.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കൈയുറ ഇട്ടാണു മോഷണം നടത്തിയതെന്നു കണ്ടെത്തി. ഒന്നിലധികം പേർ ചേർന്നാണു മോഷണം നടത്തിയതെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
സംശയാസ്പദമായ സാഹചര്യത്തിൽ രണ്ടു പേരെ വീടിന് അരികിലെ റോഡിന് സമീപം കണ്ടതായി നാട്ടുകാർ പറഞ്ഞു. ഇവരെപ്പറ്റിയും പോലീസ് അന്വേഷിക്കുന്നുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്.