മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിൽ നേരിട്ട അവഗണനയ്ക്കെതിരേ ഒടുവിൽ തുറന്നടിച്ച് ഇന്ത്യൻ താരം കരുണ്‍ നായർ. ടീമിലെടുത്തിട്ടും ഒരു കളിയിൽ പോലും കളിക്കാൻ അവസരം ലഭിക്കാതിരുന്നത് ഏറെ വേദനിപ്പിച്ചതായി മലയാളി താരം പറഞ്ഞു. കരുണിനെ അവഗണിച്ചതിനെതിരേ മുൻ താരങ്ങളടക്കം രംഗത്ത് വന്നിരുന്നു. നിലവിൽ ഇന്ത്യ എ ടീം നായകനാണ് കരുണ്‍ നായർ.
ഇന്ത്യൻ ടീമിൽ തുടക്കം മുതൽ ഉണ്ടായിരുന്ന കരുണിനെ ഒരിക്കൽ പോലും അന്തിമ ഇലവണിലേക്ക് പരിഗണിച്ചില്ല. അതെസമയം, നാലാം ടെസ്റ്റിനു മുന്‍പ് മാത്രം ടീമിലെത്തിയ ഹനുമ വിഹാരിക്ക് അരങ്ങേറാൻ അവസരം നൽകുകയും ചെയ്തിരുന്നു.
ഇംഗ്ലീഷ് പര്യടനത്തിൽ ടീം മാനേജ്മെന്റും താനുമായി ആരോഗ്യകരമായ ആശയവിനിമയം ഒരിക്കൽ പോലും നടന്നിട്ടില്ലെന്നും ഒരു മനുഷ്യജീവിയെന്ന നിലയിൽ പര്യടനം വല്ലാത്ത മാനസിക സമ്മർദമാണ് സമ്മാനിച്ചതെന്നും കരുണ്‍ പറഞ്ഞു.
സത്യം പറഞ്ഞാൽ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ നിമിഷമായിരുന്നു വിഹാരി പ്ലെയിംഗ് ഇലനിൽ ഇടംപിടിച്ചു എന്നറിഞ്ഞത്. പക്ഷേ ടീം മാനേജ്മെന്റും മറ്റുള്ളവരും എടുക്കുന്ന തീരുമാനങ്ങൾ അനുസരിക്കുകയേ നിവൃത്തിയുള്ളൂ- കരുണ്‍ പറഞ്ഞു.