കൊല്ലം: കരുനാഗപ്പള്ളിയിൽ ഗുണ്ടാനേതാവ് ജിം സന്തോഷിനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് പ്രതികള്‍ റിഹേഴ്സല്‍ നടത്തിയെന്ന് പോലീസ്. ഓച്ചിറ സ്വദേശി കുക്കുവെന്ന് വിളിക്കുന്ന മനുവിന്റെ വീട്ടില്‍ വച്ചാണ് റിഹേഴ്സല്‍ നടത്തിയത്. മനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മനുവിന്റെ വീട്ടുമുറ്റത്ത് നിന്നും കാറുമെടുത്താണ് അക്രമികള്‍ പുറപ്പെട്ടത്. മുഖം മറച്ച് കൊണ്ടാണിവര്‍ കാറില്‍ കയറുന്നത്. ഇത് തെളിയിക്കുന്ന സിസി ടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു.
അതേസമയം പിടിയിലായ രാജപ്പന് എന്ന രാജീവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ മൊഴികള്‍ മാറ്റിപ്പറയുന്നുണ്ടെങ്കിലും പോലീസ് അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുപോവുകയാണ്. മറ്റു പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകത്തിനു കാരണം.
അക്രമികള്‍ വീട്ടില്‍ എത്തിയ വിവരം സന്തോഷ് സുഹൃത്തിനെ ഫോണ്‍വിളിച്ച് അറിയിച്ചിരുന്നതായി പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് കരുനാഗപ്പള്ളി അയണിവേലികുളങ്ങര കെട്ടിശേരില്‍ കിഴക്കതില്‍ ജിം സന്തോഷെന്ന സന്തോഷ് (45) മാതാവിന്റെ മുന്നില്‍ വച്ച് ക്രൂരമായി കൊല്ലപ്പെട്ടത്.
കാറിലെത്തിയ നാലംഗ സംഘം സ്ഫോടനം നടത്തി ഭീതി പരത്തി കതക് വെട്ടിപൊളിച്ച് അകത്തു കടന്ന് സന്തോഷിനെ വെട്ടിവീഴ്ത്തുകയായിരുന്നു.ശേഷം ഇടതുകാല്‍മുട്ടിന് താഴെ അടിച്ചു തകര്‍ക്കുകയുമായിരുന്നു. ഓടികൂടിയ സമീപവാസികള്‍ സന്തോഷിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.
അക്രമി സംഘം പിന്നീട് കുലശേഖരപുരം കടത്തൂര്‍ കണ്ണമ്പള്ളി തെക്കതില്‍ അനീര്‍ (31)നെയും വെട്ടിപ്പരുക്കേല്‍പിച്ചിരുന്നു. അനീറിൽ നിന്നും നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചതായാണ് സൂചന.