കൊല്ലം: കരുനാഗപ്പള്ളി യിൽ ഒരുമാസം മുന്പ് നടന്ന ലഹരി വേട്ടയിൽ രണ്ടുപേരെ കൂടി പ്രതി ചേർത്തു. ലോറി വാടകയ്ക്ക് എടുത്ത ജയനും മറ്റൊരു ലോറിയുടെ ഉടമ അൻസാദിനെയുമാണ് പ്രതിചേർത്തത്. രണ്ടുപേരും ഒളിവിലാണെന്ന് കരുനാഗപ്പള്ളി പോലീസ് പറഞ്ഞു.
നിലവിൽ ഒരു കോടിയോളം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിയ രണ്ട് ലോറികളിൽ ഒന്നിന്റെ ഉടമയും സിപിഎം നേതാവും ആലപ്പുഴ നഗരസഭാ കൗൺസിലറുമായ ഷാനവാസിനെതിരെ കേസില്ലെന്നും പോലീസ് അറിയിച്ചു.
ഒരു കോടിയോളം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് തൗസിം ഇജാസ്, സജാദ്, ഷമീർ എന്നിവരെ പിടികൂടിയിരുന്നു.
പുകയില കടത്തുമായി ബന്ധപ്പെട്ട് ഷാനവാസിനെതിരെ വൻ പ്രതിഷേധമുയർന്നിരുന്നു. ഇയാൾക്ക് ഇതുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷണം നടത്തിയിരുന്നു.
ആലപ്പുഴ കേന്ദ്രീകരിച്ച് പുകയില ഉൽപ്പന്നങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തുന്ന വൻ സംഘമാണ് പിടിയിലായത്. കട്ടപ്പന സ്വദേശിയായ ഒരാൾക്ക് തന്റെ ലോറി വാടകയ്ക്ക് നൽകിയിരുന്നതിന്റെ രേഖകൾ ഷാനവാസ് പോലീസിന് നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് രണ്ടുപേരെ കൂടി പ്രതികളാക്കിയത്.