തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പകരം വയ്ക്കാനില്ലാത്ത നേതാവായിരുന്ന എം കരുണാനിധി വിടവാങ്ങിയിരിക്കുന്നു. അദ്ദേഹം പലപ്പോഴും പറഞ്ഞിരുന്നതുപോലെ തന്നെ വിശ്രമത്തിന് വിശ്രമം നല്‍കി പ്രവര്‍ത്തിച്ചിരുന്ന വ്യക്തി ഇപ്പോള്‍ വിശ്രമത്തിലേയ്ക്ക് കടന്നിരിക്കുന്നു. അദ്ദേഹത്തിന്റെ ആ വാക്കുകള്‍ ഓര്‍മ്മിപ്പിക്കുന്നതാണ് കരുണാനിധിക്കായി ഒരുക്കിയിരിക്കുന്ന ശവമഞ്ചവും. വിശ്രമമില്ലാതെ ജോലി ചെയ്തിരുന്ന ഒരു വ്യക്തി ഇപ്പോള്‍ ഇവിടെ വിശ്രമിക്കുന്നു’ എന്നര്‍ത്ഥം വരുന്ന വാക്കുകളാണ് കരുണാനിധിയുടെ ശവമഞ്ചത്തില്‍ എഴുതിയിരിക്കുന്നത്.
കരുണാനിധിയ്ക്കായി ഒരുക്കിയിരിക്കുന്ന ശവമഞ്ചത്തിന്റെ ചിത്രങ്ങളും അതിലെ വാക്കുകളും വിവിധ മാധ്യമങ്ങളിലൂടെ പ്രചരിച്ചു തുടങ്ങിയതോടെ കരുണാനിധി പലപ്പോഴായി പറഞ്ഞിട്ടുള്ള മൂര്‍ച്ചയുള്ള ചില വാക്കുകളും പ്രസ്താവനകളും ഇപ്പോള്‍ ആളുകള്‍ ഓര്‍മ്മിച്ചെടുക്കുകയാണ്.
കരുണാനിധിയെന്ന രാഷ്ട്രീയ നേതാവിനെ രൂപപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ വാക്ചാതുര്യത്തിന് ഏറെ പങ്കുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന, അദ്ദേഹത്തിന്റെ പ്രശസ്തമായ ചില പ്രസ്താവനകള്‍ ഇങ്ങനെയായിരുന്നു…
1) എന്റെ വിശ്രമകാലം ആരംഭിക്കുന്നത് എന്നാണെന്ന് എനിക്ക് അറിയില്ല.
2) അനുഭവം ഒരു വിദ്യാലയമാണ്. ധിക്കാരികള്‍ക്ക് അതില്‍ നിന്നും ഒന്നും നേടാന്‍ കഴിയില്ല.
3) ഏകാന്തതയെപ്പോലെ ക്രൂരമായ ഒന്നും തന്നെയില്ല; അത്ര നല്ല ഒരു സുഹൃത്തുമില്ല.
4) എങ്ങനെ ചിരിക്കണമെന്നറിയാവുന്ന മനുഷ്യനേ മാനവ മൂല്യങ്ങളെ മനസ്സിലാക്കാനാവൂ
5) കൂടെ നിന്ന് ചതിക്കുന്ന സുഹൃത്തുക്കളെക്കാള്‍ നല്ലത് പരസ്യമായി എതിര്‍ക്കുന്ന എതിരാളികളാണ്.
6) പുസ്തകവായന നിങ്ങള്‍ക്ക് ലോകത്തെക്കുറിച്ചുള്ള അറിവ് നല്‍കും, എന്നാല്‍ ലോകത്തെത്തന്നെ പുസ്തകമായി വായിക്കാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ നേടുക അനുഭവങ്ങളാണ്.
7) തേനീച്ചക്കൂടുകളും പിശുക്കന്റെ അറയും ഒരുപോലെയാണ്. രണ്ടും നിറയ്ക്കാന്‍ അദ്ധ്വാനിക്കുന്നവര്‍ക്ക് ഉപകരിക്കുകയില്ല.
8) അനിയന്ത്രിതമായ ചങ്ങാത്തം ദുരന്തത്തില്‍ അവസാനിക്കും.
9) ഞാന്‍ വിശ്രമത്തിനു വിശ്രമം നല്‍കാറാണ് പതിവ്. സജീവ രാഷ്ട്രീയത്തില്‍ നിന്നും ഒരിക്കലും വിരമിക്കില്ലെന്നാണെന്റെ പ്രതീക്ഷ.
10) തോല്‍ക്കുന്നത് നമ്മളാണെങ്കിലും, ജയിക്കുന്നത് തമിഴായിരിക്കണം.
11) പ്രകൃതി എന്നോട് എന്തെങ്കിലും ചെയ്താല്‍ മാത്രമേ സ്റ്റാലിന് മുഖ്യമന്ത്രിയാകാന്‍ സാധിക്കൂ.