ചെങ്ങന്നൂര്‍: രാജ്യാന്തര ക്രിക്കറ്റില്‍ പുതു ചരിത്രം കുറിച്ച് കരുണ്‍നായര്‍ താരമായപ്പോള്‍ ചെങ്ങന്നൂരിന് ഇത് അഭിമാനത്തിന്റെ നിമിഷം. ട്രിപ്പിള്‍ സെഞ്ചുറി നേടിയ രണ്ടാമത്തെ ഇന്ത്യാക്കാരനും ആദ്യ മലയാളിയും എന്നത് മാത്രമല്ല അഭിമാനത്തിന് കാരണം. കരുണ്‍നായര്‍ എന്ന ക്രിക്കറ്റര്‍ ചെങ്ങന്നൂരിന്റെ മണ്ണിന് സ്വന്തം ഉണ്ണിക്കുട്ടനാണ്. നഗരസഭയില്‍ ആല്‍ത്തറ ജംഗ്ഷന് സമീപം കീഴ്‌ച്ചേരിമേല്‍ വാക്കയില്‍ ആണ് അമ്മ പ്രേമയുടെ കുടുംബം. അച്ഛന്‍ കലാധരന്‍ നായര്‍ ആറന്മുള മാലക്കര മാളിയേക്കല്‍ കുടുംബാംഗവും. ബന്ധുക്കളിലും സുഹൃത്തുക്കളിലും ഏറെ അടുപ്പമുള്ളവര്‍ കരുണിനെ ഉണ്ണിയെന്നാണ് വിളിക്കുന്നത്. ചിദംബരം സ്‌റ്റേഡിയത്തില്‍ കരുണ്‍ നേടിയ ഓരോ റണ്ണിലും ഗാലറിയില്‍ ഉണ്ടായിരുന്ന കലാധരന്‍നായരുടെ കുടുംബത്തോടൊപ്പം നാട്ടില്‍ ചെങ്ങന്നൂരില്‍ അമ്മൂമ്മ തങ്കമണിയും മാതൃ സഹോദരി ലതാരാജീവും കുടുംബവും പ്രാര്‍ഥനയിലായിരുന്നു.
അടിച്ചുകൂട്ടിയ ഓറോ റണ്ണിലും ഈ വീട് ആഹ്‌ളാദത്തിമിര്‍പ്പിലമര്‍ന്നു. കരുണ്‍ ജനിച്ചു വളര്‍ന്നത് രാജസ്ഥാനിലെ ജോധ്പൂരില്‍ ആണ്. സ്കൂള്‍ അവധി ചെലവഴിക്കാന്‍ ചെങ്ങന്നൂരില്‍ എത്തുമ്പോള്‍ ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിലും കുടുംബ ക്ഷേത്രമായ ശാസ്താംകുളങ്ങരയിലും തൊഴുതിട്ടേ മടങ്ങു. എല്ലാ മത്സരങ്ങള്‍ക്ക് മുന്‍പും ഇവിടെ മാതൃ സഹോദരി ലത വഴിപാട് കഴിപ്പിക്കുക പതിവാണ്. കഴിഞ്ഞ ഓണക്കാലത്ത് ആറന്മുള ക്ഷേത്രത്തില്‍ വഴിപാടായി വള്ളസദ്യ നടത്താനാണ് ഒടുവില്‍ ചെങ്ങന്നൂരില്‍ എത്തിയത്.
ചെങ്ങന്നൂരിലെ കുടുംബ വീട് വാടകക്ക് കൊടുത്തിരിക്കുന്നതിനാല്‍ നാട്ടിലെത്തുമ്പോള്‍ ചെങ്ങന്നൂര്‍ ഗവ. ഐടിഐക്ക് സമീപം മാതൃ സഹോദരി ലതയുടെ ‘രാജീവം’ എന്ന വീട്ടിലാണ് കരുണ്‍ താമസിക്കാറ്. ലതയുടെ ഭര്‍ത്താവ് റിട്ട പഞ്ചായത്ത് സെക്രട്ടറി ആര്‍. രാജീവ് ചന്ദ്രന്‍ ആണ് കേരളത്തില്‍ എത്തുമ്പോള്‍ ഉണ്ണിക്കുട്ടന് കൂട്ട്. സിംബാവേ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലാണ് ആദ്യം കരുണ്‍ ഇടംപിടിച്ചത്.
കുട്ടിക്കാലം മുതല്‍ ക്രിക്കറ്റില്‍ താല്പര്യം പ്രകടിപ്പിച്ച ഈ വലംകൈയ്യന്‍ ബാസ്റ്റ്മാന്റ് വളര്‍ച്ചക്കുപിന്നില്‍ ബാറ്റിംഗ് ഇതിഹാസവുമായ രാഹുല്‍ ദ്രാവിഡിന്റെ പിന്തുണയുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു. ക്രിക്കറ്റ് ലോകത്തിന് ചെങ്ങന്നൂര്‍ നല്‍കിയ സംഭാവനകളില്‍ ഉന്നതങ്ങളില്‍ എത്തിയിരിക്കുകയാണ് ഉണ്ണിക്കുട്ടന്‍.