കോട്ടയം: ലോട്ടറിയെടുത്തു കടക്കെണിയിലായ യുവാവിനെത്തേടി ഒടുവില്‍ ഭാഗ്യദേവതയെത്തി. കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ മൂലേടത്തെ പ്ലമ്പിംഗ് തൊഴിലാളിയായ യുവാവിനു ലഭിച്ചു. മൂലേടം തോട്ടത്തിന്മറ്റത്തില് രതീഷ് ടി. രവീന്ദ്രനാ(30)ണു കോടിപതിയായത്. കഴിഞ്ഞ 16 വര്‍ഷമായി ലോട്ടറിയെടുക്കുന്ന രതീഷിന് ആദ്യമായാണ് ഒന്നാം സമ്മാനം കിട്ടുന്നത്. ടിക്കറ്റ് പൂവന്തുരുത്ത് എസ്ബിടി ശാഖയില്‍ ഏല്‍പ്പിച്ചു.കഴിഞ്ഞ വ്യാഴാഴ്ച ജോലിക്കു പോകുന്നതിനിടെ തമിഴ്നാട് സ്വദേശിയായ ലോട്ടറി ഏജന്റ് മഹേന്ദ്രനില്നിന്നു വാങ്ങിയ കാരുണ്യ പ്ലസ് കെ.എന്‍ 143 പി.എസ് 567769 എന്ന ടിക്കറ്റിനാണു സമ്മാനം. രതീഷ് മൂലേടത്തെ സ്വകാര്യ സ്ഥാപനത്തിലെ പ്ലമ്പിംഗ് തൊഴിലാളിയാണ്.
ലോട്ടറിയെടുക്കുന്ന ശീലമുള്ള തന്നെ കടക്കെണിയിലാക്കിയതും ഇപ്പോള്‍ കോടീശ്വ രനാക്കിയ തും ലോട്ടറിയാണെന്നു രതീഷ് പറയുന്നു. മൂലേടത്തു കുടുംബ വ കയായ ആറര സെന്റ് സ്ഥലത്തെ ഒരു പഴയ വീട്ടിലാണ് ഭാര്യയും രണ്ടു മക്കളുമായി താമസം.രതീഷിന്റെ ലോട്ടറിഭ്രമം കുടുംബത്തെ കടക്കെണിയിലെത്തിച്ചിരുന്നു. 600 രൂപ ദിവസ വരുമാനക്കാരനായ രതീഷ് 300 രൂപയ്ക്കുവരെ ഒരു ദിവസം ടിക്കറ്റ് എടുക്കാറുണ്ട്.
ഭാര്യയുടെ ആഭരണം വരെ പണയപ്പെടുത്തി ലോട്ടറി എടുത്തിട്ടുണ്ടെന്നും രതീഷ് പറഞ്ഞു. കടുത്ത പനിയെത്തുടര്‍ന്ന് ഏതാനും ആഴ്ചയായി ജോലിക്കു പോകാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും രതീഷിനെ തേടി ലോട്ടറി ഏജന്റ് വീട്ടിലെത്തുമായിരുന്നു. രണ്ടു ദിവസം പണമില്ലാത്തതിനാല്‍ ടിക്കറ്റെടുത്തില്ല. ഇതിനിടെ, വ്യാഴാഴ്ച രാവിലെ ജോലിക്കു പോകാനൊരുങ്ങുമ്പോള്‍ ടിക്കറ്റുമായി ലോട്ടറി ഏജന്റ് വീണ്ടും വീട്ടില്‍ വന്നു. കൈയില്‍ പൈസയില്ലെങ്കിലും തന്റെ നേര്‍ക്കു നീട്ടിയ ലോട്ടറി ടിക്കറ്റ് വേണ്ടെന്നു പറയാന്‍ തോന്നിയില്ലെന്നു രതീഷ് പറയുന്നു.
ടിക്കറ്റിന്റെ നമ്പറുപോലും നോക്കാതെ പോക്കറ്റിലിടുകയും ചെയ്തു. പിറ്റേന്നു പത്രം നോക്കിയപ്പോഴാണു സമ്മാനമുണ്ടെന്ന് അറിഞ്ഞത്. സ്വന്തമായി ഒരു തുണ്ട് ഭൂമിയും അതിലൊരു വീടുമാണു രതീഷിന്റെ സ്വപ്നം.മൂലേടം വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി ടി.ജി. രവീന്ദ്രന്റെയും തങ്കമ്മയുടെയും മകനാണ് രതീഷ്. മൂലേടം അമൃത എച്ച്എസിലെ ആറാം ക്ലാസ് വിദ്യാര്‍ഥികളായ ഇരട്ടക്കുട്ടികള്‍ ആദിത്യന്, അര്ജുനന് എന്നിവരാണ് മക്കള്‍.