പത്തനംതിട്ട: പതിനായിരക്കണക്കിന് നിർധന രോഗികൾക്ക് ആശ്വാസം പകരുന്ന കാരുണ്യ ചികിത്സാ പദ്ധതി സ്ഥിരം സംവിധാനമായി നിലിർത്തണമെന്ന്കേരളാ കോൺഗ്രസ് – എം ഉന്നതാധികാര സമിതിയംഗം ജോസഫ് എം.പുതുശേരി. കാരുണ്യ നിർത്തലാക്കരുതെന്നും ഭീമമായ വൈദ്യുതി നിരക്ക് വർധനപിൻവലിക്കണമെന്നും ആവശ്യപ്പെട്ടു കേരളാ കോൺഗ്രസ് – എം സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിൽ നടത്തുന്ന ധർണയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ കമ്മിറ്റി കളക്ടറേറ്റു പടിക്കൽ നടത്തിയ കൂട്ടധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതി മാർച്ച് വരെ നീട്ടുമെന്നു ആരോഗ്യ മന്ത്രി പറയുമ്പോൾ തുടരാനാകില്ലെന്നു ഇന്നു ധനമന്ത്രി പറയുന്നു. ആരെയാണ് ജനം വിശ്വസിക്കേണ്ടത്. സർക്കാർ ഖജനാവിൽ നിന്നു ഒരു പൈസയുടെ മുടക്കില്ലാതെ കാരുണ്യ ലോട്ടറി ആരംഭിച്ച് ജനങ്ങളുടെ നിർലോപമായ സഹകരണത്തോടെ കെ.എം.മാണി വിജയകരമായി നടപ്പിലാക്കിയ ക്ഷേമപദ്ധതിയാണു കാരുണ്യയെന്ന് പുതുശേരി ചൂണ്ടിക്കാട്ടി. അതിന്റെ കഴുത്തുഞെരിക്കുന്നതു കണ്ണിൽച്ചോരയില്ലാത്ത നടപടിയാണ് എൽഡിഎഫ് സർക്കാരിന്റേത്.
ഇൻഷ്വറൻസ് പോളിസി എടുക്കുകയോ പ്രീമിയം അടയ്ക്കുകയാ ലോട്ടറി ടിക്കറ്റു എടുക്കുകയോ പോലും വേണ്ടാത്ത ഇതിനു പകരം ഇൻഷ്വറൻസ് പദ്ധതി വരുന്നുവെന്നു അവകാശപ്പെടുന്ന സർക്കാർ അതിനു 1800 രൂപ പ്രീമിയം അടയ്ക്കണമെന്ന കാര്യവും നൂലാമാലകളും മറച്ചുവയ്ക്കുകയാണ്.
മോദി സർക്കാർ വക ഇന്ധന വിലവർധനയും പിണറായി സർക്കാർ വക വൈദ്യുതി നിരക്കു വർധനയും പ്രളയസെസും എല്ലാം കൂടിയാകുമ്പോൾ കേരളത്തിലെ ജനങ്ങൾ ഇടിവെട്ടിയവനെ പാമ്പുകടിച്ച അവസ്ഥയിലാണെന്നും പുതുശേരി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എൻ.എം.രാജു അധ്യക്ഷത വഹിച്ചു. ചെറിയാൻ പോളച്ചിറക്കൽ, ജോർജ് ഏബ്രഹാം, പി.കെ. ജേക്കബ്, സാം ഈപ്പൻ, വറുഗീസ് പേരയിൽ, ആലിച്ചൻ ആറൊന്നിൽ, ഏബ്രഹാം വാഴയിൽ, വി.പി. ഏബ്രഹാം, കെ.ആർ. രവി, സജു മിഖായേൽ, തോമസ് മാത്യം ഇടയാറന്മുള, ടി.എസ്. ടൈറ്റസ്, ബിജോയി തോമസ്, മനോജ് മാത്യു, ബിജു ലങ്കാ ഗിരി തുടങ്ങിയവർ പ്രസംഗിച്ചു.