മൂവാറ്റുപുഴ: ഓട്ടോറിക്ഷ തൊഴിലാളിക്കു കേരള സർക്കാരിന്റെ കാരുണ്യ ലോട്ടറിയുടെ കടാക്ഷം. മൂവാറ്റുപുഴ തൃക്കളത്തൂർ വടാശേരിൽ ഉണ്ണികൃഷ്ണന്റെ മകൻ സനീഷിനാണ് കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം ലഭിച്ചത്. തൃക്കളത്തൂർ ഷാപ്പുംപടിയിൽ ലോട്ടറി വില്പന നടത്തുന്ന ചാരപ്പാട് വിജയനിൽനിന്നാണ് കെ.ജി. 890442-ാം നന്പർ ടിക്കറ്റ് സനീഷ് എടുത്തത്.
ഓട്ടോ ഓടിക്കുന്നതിനിടെ വിവിധ സ്ഥലങ്ങളിൽനിന്നു സനീഷ് ടിക്കറ്റ് എടുക്കുക പതിവാണ്. മാതാപിതാക്കളും ഭാര്യ രേവതിയും മക്കളായ കാർത്തിക, കാർത്തികേയൻഎന്നിവരുമടങ്ങുന്ന സനീഷിന്റെ കുടുംബത്തിന്റെ ഏക വരുമാനം ഓട്ടോ ഓടിച്ചു കിട്ടുന്ന തുക മാത്രമായിരുന്നു.
നേരത്തെ പ്ലാസ്റ്റിക് കന്പനിയിൽ ജോലി ചെയ്തിരുന്ന സനീഷ് അതിൽനിന്നുള്ള വരുമാനംകൊണ്ടു ജീവിക്കാൻ കഴിയാത്തതിനാലാണ് ഓട്ടോറിക്ഷ ഓടിക്കൽ ജോലിയായി തെരഞ്ഞെടുത്തത്. 75 ലക്ഷം ലോട്ടറി അടിച്ചെങ്കിലും സനീഷ് ഓട്ടോ ഓടിക്കൽ തുടരുകയാണ്. കുട്ടികൾക്കു മികച്ച വിദ്യാഭ്യാസം നൽകാനും പട്ടിണികൂടാതെ ജീവിക്കാനുമായി സ്ഥിരവരുമാനമുള്ള തൊഴിൽമേഖല കണ്ടെത്താൻ ലോട്ടറി പണം ഉപയോഗി ക്കുമെന്നു സനീഷ് പറഞ്ഞു.