കൊരട്ടി: വില്ക്കാതെ ബാക്കിയായ ടിക്കറ്റിൽ ലോട്ടറി വില്പനക്കാരനു കൈവന്നത് എഴുപത്തഞ്ചു ലക്ഷത്തിന്റെ ഭാഗ്യം. ദേവമാതാ ആശുപത്രിക്കു സമീപം താമസിക്കുന്ന കണ്ണമ്പിള്ളി കുമാരനാണ് ഭാഗ്യവാൻ.
ഇന്നലെ നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറി നറുക്കെടുപ്പിലാണ് കുമാരന് ഒന്നാം സമ്മാനം ലഭിച്ചത്. ടിക്കറ്റ് നമ്പർ കെ.ജി. 129569. കാരുണ്യയുടെ 100 ടിക്കറ്റുകൾ വില്പനയ്ക്കായി വാങ്ങിയിരുന്നെങ്കിലും കുറച്ചു ടിക്കറ്റുകൾ വിൽക്കാനായിരുന്നില്ല. വിറ്റുതീരാതെ ടിക്കറ്റുകൾ ബാക്കിവന്നത് കുമാരനെ ദുഃഖിപ്പിച്ചിരുന്നു.
30 വർഷമായി സജീവമായി ലോട്ടറിരംഗത്തുളള കുമാരൻ സമ്മാനാർഹമായ ടിക്കറ്റ് കൊരട്ടി എസ്ബിഐ ശാഖയിൽ ഏല്പിച്ചു. ജാനകിയാണ് കുമാരന്റെ ഭാര്യ. ഡ്രൈവറായ ഷാജുവും കൽപ്പണിക്കാരനായ ബൈജുവുമാണ് മക്കൾ.