അമ്പലപ്പുഴ: മെഡിക്കൽ കോളേജാശുപത്രിയിലെ കാരുണ്യ മെഡിക്കൽ സ്റ്റോറിൽ വിലക്കുറവുള്ള മരുന്നുകൾ പോലും കിട്ടാനില്ല. സ്വകാര്യ മെഡിക്കൽ സ്റ്റോറുകളെ സഹായിക്കാൻ എന്ന് ആക്ഷേപം.
സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിലെ കഴുത്തറപ്പൻ വിലയിൽ നിന്ന് ആശ്വാസമേകാനായാണ് വണ്ടാനത്ത്ആശുപത്രി വളപ്പിൽ കാരുണ്യ മെഡിക്കൽ സ്റ്റോർ ആരംഭിച്ചത്.എന്നാൽ നിസാര വിലയുള്ള മരുന്നുകൾ പോലും ഇവിടെ നിന്ന് ലഭിക്കാറില്ല. ജീവിത ശൈലീ രോഗങ്ങളുടെ ചികിത്സക്കായുള്ള മരുന്നുകൾക്കും ഇവിടെ ക്ഷാമമാണ്.
ഇവിടെ നിന്നു ലഭിക്കുന്ന മരുന്നുകൾക്ക് സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾ നാലിരട്ടിയോളം വിലയാണ് ഈടാക്കുന്നത്. കാരുണ്യയിൽ മരുന്ന് കിട്ടാതായതോടെ വലിയ വില കൊടുത്ത് സ്വകാര്യ മെഡിക്കൽ സ്റ്റോറുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് പാവപ്പെട്ടരോഗികൾ.
ചില വൻകിട സ്വകാര്യ മെഡിക്കൽ സ്റ്റോർ ഉടമകളുമായുള്ള ധാരണയുടെ പേരിലാണ് കാരുണ്യയിൽ മരുന്നുകൾക്ക് ക്ഷാമം നേരിടുന്നതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. പല ജീവൻ രക്ഷാ മരുന്നുകളുടെയും സ്റ്റോക്കില്ലെന്ന പതിവ് മറുപടിയാണ് ജീവനക്കാരിൽ നിന്നുണ്ടാകുന്നത്.
നിർധനരായ രോഗികളാണ് കാരുണ്യയുടെ ഈ അനാസ്ഥ മൂലം വലയുന്നത്. കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷനാണ് ഇവിടുത്തേക്ക് മരുന്നുകൾ വിതരണം ചെയ്യുന്നത്.
കോർപ്പറേഷന് സർക്കാർ കോടികൾ നൽകാനുള്ളതിനാൽ മരുന്നു വിതരണം മുടങ്ങിയതും ഒരു പ്രധാന ഘടകമാണ്. അടിയന്തിരമായി ജീവൻ രക്ഷാ മരുന്നുകൾ എത്തിച്ച് പാവപ്പെട്ട രോഗികളെ സഹായിക്കാൻ മുൻകൈയെടുക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.