ഗാന്ധിനഗർ: കാരുണ്യ ലോട്ടറിയിൽനിന്ന് ലഭിക്കുന്ന ധനസഹായം ഉപയോഗിച്ച് സംസ്ഥാന സർക്കാർ ചികിത്സയ്ക്കായി ഏർപ്പെടുത്തിയിരുന്ന കാര്യണ്യ പദ്ധതി നിർത്തലാക്കിയതോടെ ആയിരക്കണക്കിന് നിർധനരായ രോഗികൾ വലയുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ഇന്നലെയും ഇന്നുമായി നടക്കേണ്ടിയിരുന്ന നിരവധി ശസ്ത്രക്രിയകൾ ഇതുമൂലം മാറ്റിവച്ചു. പദ്ധതി നിർത്തലാക്കിയ വിവരം അറിയാതെ ശസ്ത്രക്രിയകൾക്കായി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയ രോഗികൾ ഇനിയെന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്.
ഇന്നലെ ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തിലും, ഹൃദ്രോഗ വിഭാഗത്തിലും എത്തിയ രോഗികളാണ് പദ്ധതി നിർത്തലാക്കിയ വിവരമറിഞ്ഞ് ആശങ്കയിലായത്. ജൂണ് 30നാണ് പദ്ധതി നിർത്തലാക്കിയത്. എന്നാൽ ജൂലൈ ഒന്നിനും രണ്ടിനും ചികിത്സ തേടിവന്നവർക്ക് പദ്ധതി ആനുകൂല്യം ലഭ്യമാക്കുകയും ഇന്നലെ മുതൽ പദ്ധതി പൂർണമായി നിർത്തിവയ്ക്കുകയും ചെയ്തു.
കാർഡിയോ തൊറാസിക് വിഭാഗത്തിലെ ഹൃദയം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ, വാൽവ് മാറ്റിവയ്ക്കൽ, ലെൻസ് മാറ്റിവയ്ക്കൽ തുടങ്ങിയവയും കാർഡിയോളജി വിഭാഗത്തിലെ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നീ ചികിത്സകളും ന്യൂറോ സർജറി, നെഫ്രോളജി (വൃക്കരോഗം), ഓങ്കോളജി (അർബുദം), ജനറൽ സർജറിയിലേയും അസ്ഥിരോഗ വിഭാഗത്തിലേയും ചില രോഗങ്ങൾക്കാണ് കാരുണ്യ ചികിത്സാ സഹായ പദ്ധതിയുടെ ആനൂകൂലം ലഭിക്കുന്നത്.
എന്നാൽ സർക്കാർ പദ്ധതി നിർത്തലാക്കിയതോടെ സാധാരണക്കാരായ ആയിരക്കണക്കിന് രോഗികൾ ബുദ്ധിമുട്ടിലാകുകയാണ്. ഹൃദയം മാറ്റിവയ്ക്കുന്ന ചികിത്സ മുതൽ ഹൃദയരക്തക്കുഴലിലേക്കുള്ള തടസം നീക്കം ചെയ്യുന്ന ചികിത്സയായ ആൻജിയോഗ്രാം വരെയുള്ള ചികിത്സയ്ക്ക് ആവശ്യമായ മുഴുവൻ ചെലവുകളും ഈപദ്ധതി പ്രകാരം ലഭിക്കുന്ന തുക കൊണ്ടാണ് ചെയ്തിരുന്നത്.
ഒരു ലക്ഷം മുതൽ നാലു ലക്ഷം രൂപ വരെ രോഗം അനുസരിച്ച് ലഭിക്കാറുണ്ടായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ നടന്ന അഞ്ച് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും മുഴുവൻ ഫണ്ട് ലഭിച്ചത് കാരുണ്യ ചികിത്സാ സഹായ പദ്ധതിയിൽ നിന്നായിരുന്നു.
ഒരു രോഗിക്ക് കാരുണ്യ ചികിത്സാ സഹായം ലഭിക്കുന്നതിന് വകുപ്പു മേധാവിയാണ് ശിപാർശ ചെയ്യേണ്ടത്. അപേക്ഷയിൻമേൽ രണ്ടു ദിവസത്തിനുള്ളിലോ അല്ലെങ്കിൽ ഒരു മാസത്തിനുള്ളിലോ ലോട്ടറി ഓഫീസ് മുഖാന്തിരം പാസായിവരും. തുടർന്ന് രോഗികളുടെ ബന്ധുക്കളെത്തി പിന്നീടുള്ള നടപടിക്രമങ്ങൾ പൂർത്തികരിച്ച ശേഷമാണ് ശസ്ത്രക്രിയകൾ നടത്തുന്നത്.
ഒരു രോഗിക്ക് രണ്ടു ലക്ഷം രൂപ അനുവദിച്ച ശേഷം അത്രയും തുക ചെലവായില്ലെങ്കിൽ ബാക്കി തുക രോഗിക്ക് തുടർ ചികിത്സയ്ക്കുള്ള മരുന്നുകൾ നൽകുന്നതായിരുന്നു രീതി. വൃക്ക, കാൻസർ രോഗികൾ ഒരു ദിവസം കഴിക്കുന്ന ചില ഗുളികകൾ വളരെ വിലയുള്ളതാണ്.2000 മുതൽ 4000രൂപ വരെ വിലയുള്ള മരുന്നുകൾ നിർധനരായ രോഗികൾ വാങ്ങി കഴിക്കുന്നത് ഈ പദ്ധതിയിലൂടെ സൗജന്യമായി ലഭിക്കുന്നതു കൊണ്ടുമാത്രമാണ്.