സ്വന്തം ലേഖിക
കോഴിക്കോട്: നിർധരരായ രോഗികൾക്ക് കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച കാരുണ്യ ഫാർമസിയിൽനിന്നും “കാരുണ്യം ലഭിക്കാതെ’ രോഗികൾ . ബ്രാൻഡഡ് മരുന്നുകൾ പുറത്ത് ലഭിക്കുന്നതിനേക്കാൾ 20 മുതൽ 70 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാക്കുക, മരുന്നിന്റെ പേരിൽ നടക്കുന്ന കൊള്ള തടയുക എന്നിവയാണ് കാരുണ്യ പദ്ധതിയുടെ ലക്ഷ്യം. എന്നാൽ നിലവിൽ വേണ്ടത്ര മരുന്നുകളില്ലാതെ കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികൾ സർക്കാറിന്റെ കാരുണ്യം തേടുകയാണ്.
2013 ൽ ആരംഭിച്ച കാരുണ്യ ഫാർമസികളിൽ തുടക്കത്തിൽ വൃക്ക സംബന്ധമായ രോഗങ്ങൾ, കാൻസർ, ഹൃദ്രോഗം എന്നീ മാരകരോഗങ്ങൾക്കുള്ള ജനറൽ മരുന്നുകളും 4000 ഓളം ബ്രാൻഡഡ് മരുന്നുകളുമാണ് കുറഞ്ഞവിലയ്ക്ക് നൽകാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പുറത്തെ മെഡിക്കൽ സ്റ്റോറുകളിൽ വലിയ വിലയില്ലാത്ത ജനറൽ മരുന്നുകൾ മാത്രമാണ് കാരുണ്യയിൽ സുലഭമായി ലഭിക്കുന്നത്.
മറ്റ് ദീർഘകാല രോഗങ്ങൾക്കുള്ള മരുന്നുകൾ വളരെ കുറഞ്ഞ അളവിൽ മാത്രമാണ് കാരുണ്യയിൽ എത്തുന്നതെന്നും ദിവസങ്ങൾക്കുളളിൽ തന്നെ സ്റ്റോക്ക് തീർന്നു എന്ന മറുപടിയാണ് ഫാർമസിയിൽ നിന്ന്് ലഭിക്കുന്നതെന്നും രോഗികൾ പറയുന്നു. 57 ഓളം കാരുണ്യ ഫാർമസികളാണ് നിലവിൽ കേരളത്തിലുളളത്. ജില്ലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും, ബീച്ച് ജനറൽ ആശുപത്രിയിലുമാണ് കാരുണ്യ ഒൗട്ട്ലെറ്റ് ഉള്ളത്.
“മരുന്നിനുപോലുമില്ല’ ഡയാലിസിസ് മരുന്നുകൾ
ദീർഘകാലരോഗങ്ങൾക്കുള്ള മരുന്നുകളിൽ ഡയാലിസിസിന് ഉപയോഗിക്കുന്ന എരിത്രോപോയെറ്റിൻ 4000, എരിത്രോപോയെറ്റിൻ 2000 എന്നീ ഇൻജക്ഷൻ മരുന്നുകൾക്കാണ് കാരുണ്യയിൽ ഏറ്റവുമധികം ക്ഷാമം . ഡയാലിസിസ് രോഗികൾക്ക് അത്യാവശ്യമായി വേണ്ടി വരുന്ന ഈ ഇൻജക്ഷന് ആവശ്യക്കാരും ഏറെയാണ്. ബീച്ച് ജനറൽ ആശുപത്രിയിൽ ജനറൽ മരുന്നുകൾക്കാണ് ആവശ്യക്കാർ കൂടുതൽ. കാൻസർ പ്രിസ്ക്രിപ്ഷൻ വരാറില്ലാത്തത് കൊണ്ട് ആ മരുന്നുകൾ സ്റ്റോക്ക് ചെയ്യാറില്ല.
ഹൃദയ സംബന്ധമായ രോഗത്തിന് ഉപയോഗിക്കുന്ന സിടിഡി, ഡയാലിസിസ് ഫ്ലൂയിഡ് തുടങ്ങി നിരവധി മരുന്നുകൾ കുറച്ച് ദിവസങ്ങളായി സ്റ്റോക്കില്ലായിരുന്നു. എന്നാൽ ഇപ്പോൾ അവയുടെ സ്റ്റോക്കുകൾ ലഭിച്ചു തുടങ്ങിയെന്ന് ജീവനക്കാർ പറയുന്നു. എന്നാൽ ആവശ്യക്കാർ അധികമായുള്ള ബ്രാൻഡഡ് ഇൻജക്ഷനാണ് എരിത്രോപോയെറ്റിൻ. ഇത് ഇവിടെ ലഭിക്കാതായിട്ട് ആഴ്ചകൾ കഴിഞ്ഞു.
കാരുണ്യയിൽ ഒരു ഇൻജക്ഷന് 191 രൂപയാണ് വില. പുറത്തെ മെഡിക്കൽ സറ്റോറുകളിൽ 1400 രൂപയും. ജയിൽ റോഡിലുള്ള മൊത്തക്കച്ചവടം നടത്തുന്ന ആൽഫ എന്ന സ്റ്റോറിൽ 900 രൂപയ്ക്കാണ് ലഭിക്കുക. കൈയിൽ വേണ്ടത്ര പണമില്ലാത്തതിനാൽ ചികിത്സയ്ക്കായി ബീച്ച് ആശുപത്രിയിലെത്തുന്ന സാധാരണക്കാർ എരിത്രോപോയെറ്റിൻ കാരുണ്യയിൽ ലഭ്യമല്ലാത്തതിനാൽ് പത്തിരട്ടിയിലധികം പണം മുടക്കി പുറമെനിന്നും വാങ്ങണമെന്ന അവസ്ഥയാണ്.
ആഴ്ചയിൽ രണ്ടിലധികം തവണ എരിത്രോപോയെറ്റിൻ 4000 ഇൻജക്ഷൻ ഉപയോഗിക്കുന്നവരുണ്ട്. 15 ഓളം ആളുകൾ ദിവസേന ഇത് ലഭിക്കാതെ നിരാശരായി മടങ്ങുന്നുണ്ടെന്നും ഫാർമസി ജീവനക്കാർ പറഞ്ഞു. എന്നാൽ എരിത്രോപോയെറ്റിൻ ബീച്ച് ആശുപത്രിക്ക് ചുറ്റുമുള്ള മറ്റ് ഫാർമസികളിലും ഇപ്പോൾ ലഭിക്കുന്നില്ലെന്നതാണ് മറ്റൊരു പ്രശ്നം.
മെഡിക്കൽ കോളേജ് കാരുണ്യ ഒൗട്ട്ലെറ്റിൽ കാൻസർ, ഡയാലിസിസ്, ഹൃദ്രോഗം, ന്യൂറോളജി തുടങ്ങിയ അസുഖങ്ങൾക്കുള്ള മരുന്നുകൾക്കെല്ലം ആവശ്യക്കാർ അനവധിയാണ്. അതിനാലാണ് കാരുണ്യയിലെത്തുന്ന സ്റ്റോക്കുകൾ പെട്ടെന്ന് തീർന്നുപോകുന്നതെന്നാണ് മെഡിക്കൽ കോളേജ് ഒൗട്ട്ലെറ്റിലെ ജീവനക്കാർ പറയുന്നത്. നെഫ്രോളജി, ഹൈപ്പർ ടെൻഷൻ, വന്ധ്യത എന്നിവക്കുള്ള മരുന്നുകളും കാരുണ്യ വഴി കുറഞ്ഞ വിലക്ക് നൽകുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അവയൊന്നും ഇതുവരെ നടന്നിട്ടില്ല.
സ്റ്റെൻഡ് വിൽപനയിൽ മെഡിക്കൽ ലോബിയുടെ അമിതലാഭം നിർത്തലാക്കാൻ കുറഞ്ഞ വിലയ്ക്ക് സ്റ്റെൻറുകൾ കാരുണ്യ വഴി ലഭ്യമാക്കുമെന്ന് മാർച്ചിൽ ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. ആ കാര്യത്തിലും ഇതുവരെ നീക്കുപോക്കുകൾ ഒന്നുമായിട്ടില്ല.
വില്ലൻ ജിഎസ്ടിയെന്ന് ഡിപ്പോ അധികൃതർ
എരിത്രോപോയെറ്റിൻ അടക്കം പല മരുന്നുകളും വേണ്ടത്ര ലഭ്യമാക്കാൻ കഴിയാത്തത് ബ്രാൻഡഡ് മരുന്നുകൾക്ക് ഏർപ്പെടുത്തിയ ജിഎസ്ടി കാരണം കന്പനികളിലെടുക്കുന്ന കാലതാമസമെന്ന് മലാപ്പറന്പ് കാരുണ്യ ഡിപ്പോ അധികൃതർ. ജിഎസ്ടി കാരണമുള്ള സാങ്കേതിക തടസ്സങ്ങളാണ് മരുന്നുകൾ പലതും കാരുണ്യയിലെത്താൻ വൈകിയയത്. നിലവിൽ ഒൗട്ട്ലെറ്റുകളിൽ മരുന്നുകൾ എത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു.
എരിത്രോപോയെറ്റിൻ 4000 പോലുള്ള മരുന്നുകൾക്ക് ഡിമാൻഡ് കൂടിയതാണ് സ്റ്റോക്ക് പെട്ടെന്ന് തീരാൻ കാരണമെന്നും വേണ്ട നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ ജിഎസ്ടി വരുന്നതിന് മുന്പും ഇതേ രീതിയിൽ തന്നെ കുറഞ്ഞ അളവിലും കാലതാമസത്തോടെയുമാണ് സ്റ്റോക്കുകൾ എത്തിച്ചിരുന്നതെന്നാണ് രോഗികളുടെ പക്ഷം. കുടിശ്ശിക അടച്ചുതീർക്കാത്തതിനാൽ നിലന്പൂർ കാരുണ്യയ്ക്ക് മലാപ്പറന്പ് ഡിപ്പോയിൽ നിന്നും മരുന്നുകൾ എത്തിച്ചിട്ട് രണ്ടു മാസത്തോളമായി.
18 ലക്ഷം രൂപയാണ് ആശുപത്രി മാനേജ്മെൻറ് ഡിപ്പോയിൽ കുടിശ്ശികയിനത്തിൽ അടക്കാനുള്ളത്. ആദിവാസികൾ ഉൾപ്പെടെയുള്ളവർ ചികിത്സ തേടുന്ന ആശുപത്രിയിലെ മാനേജ്മെൻറിന്റെ പിടിവാശിയാണ് കുടിശ്ശിക അടക്കാൻ വൈകുന്നതെന്നാണ് ആക്ഷേപം.തിരുവനന്തപുരം മെഡിക്കൽ കോളേജ്, എറണാകുളം ജനറൽ ഹോസ്പിറ്റൽ, മലാപ്പറന്പ്, കൊല്ലം തേവള്ളി എന്നിവടങ്ങളിലായാണ് കാരുണ്യയുടെ സംസ്ഥാനത്തെ നാല് ഡിപ്പോകൾ പ്രവർത്തിക്കുന്നത്.