മൂവാറ്റുപുഴ: അച്ഛന്റെ കൈയിൽനിന്നു വാങ്ങിയ ലോട്ടറി ടിക്കറ്റിന് മകന് ഒന്നാം സമ്മാനം. കടാതി പാങ്കുളങ്ങരമല കൃഷ്ണ വിലാസത്തിൽ രവീന്ദ്രൻ വിറ്റ കാരുണ്യ പ്ലസ് ലോട്ടറിക്കാണ് മകൻ രാജേഷ് കുമാറിന് കഴിഞ്ഞ ദിവസംനടന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ അടിച്ചത്.
അച്ഛന് സഹായമാകട്ടെ എന്നു കരുതി ടിക്കറ്റ് എടുക്കുന്നത് പതിവായിരുന്നെന്ന് ടൈൽസ് ജോലിക്കാരനായ രാജേഷ് പറഞ്ഞു.
കോലഞ്ചേരി പ്രദേശത്തു നടന്നാണ് രവീന്ദ്രൻ ലോട്ടറി വിറ്റിരുന്നത്. നറുക്കെടുപ്പിന്റെ തലേന്ന് പണി കഴിഞ്ഞ് വീട്ടിലെത്തിയ രാജേഷ് അച്ഛന്റെ കൈയിൽനിന്നു രണ്ടു ടിക്കറ്റ് വാങ്ങിയിരുന്നു.
ഇതിൽ പിഎ 409074 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കുടുംബാംഗങ്ങളുമായി ആലോചിച്ച് സമ്മാനത്തുക എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കുമെന്ന് രാജേഷ് പറഞ്ഞു. ബ്യൂട്ടീഷ്യനായ ഇന്ദുവാണ് ഭാര്യ. മക്കൾ: മനു, ജിനു.