തിരുവനന്തപുരം: ഗുരുതരരോഗങ്ങൾ ബാധിച്ചവർക്കു ചികിത്സാ സഹായം ലഭ്യമാക്കുന്ന കാരുണ്യ ബനവലന്റ് ഫണ്ട് സെപ്റ്റംബർ വരെ തുടരും. നിലവിൽ ചികിത്സാ ആനുകൂല്യം ലഭിക്കുന്നവർക്ക് സെപ്റ്റംബർ 30 വരെ സഹായം തുടർ ചികിത്സ നൽകാൻ നിർദേശിച്ച് ഉത്തരവിറങ്ങി.
കാൻസർ, ഡയാലിസിസ്, ഹീമോഫീലിയ തുടങ്ങിയ രോഗങ്ങൾക്കുള്ള തുടർ ചികിത്സാ സഹായമാകും ലഭ്യമാക്കുക. നികുതിവകുപ്പിനു കീഴിലാകും കാരുണ്യയുടെ സെപ്റ്റംബർ 30വരെയുള്ള പ്രവർത്തനം.
തുടർന്ന് ആരോഗ്യവകുപ്പിനു കീഴിലുള്ള കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിൽ നിന്നുള്ള ആനുകൂല്യം നൽകും. മൂന്നുമാസത്തിനകം ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കും.
ഓഗസ്റ്റിൽ ആരോഗ്യവകുപ്പിനുകീഴിൽ സജ്ജമാകുന്ന സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് ബനവലന്റ് ഫണ്ട് ഗുണഭോക്താക്കളുടെ വിവരം കൈമാറും. ഹെൽത്ത് ഏജൻസിക്കാവും കാസ്പിന്റെ നടത്തിപ്പ് ചുമതല.
കേന്ദ്രസർക്കാരിന്റെ ആയുഷ്മാൻ ഭാരതിന്റെ നടത്തിപ്പിനായി സംസ്ഥാനത്തുണ്ടായിരുന്ന ആരോഗ്യഇൻഷ്വറൻസ് പദ്ധതികളെല്ലാം സംയോജിപ്പിച്ചതോടെ ബനവലന്റ് ഫണ്ട് അതേപടി തുടരാനാവില്ലെന്ന് സർക്കാർ നിലപാടെടുത്തു.
യുഡിഎഫ് സർക്കാർ തുടങ്ങിയ പദ്ധതി കാരുണ്യ ലോട്ടറിയിൽ നിന്നുള്ള വരുമാനം കൊണ്ട് സുഗമമായി നടന്നിരുന്നത്. ഇപ്പോൾ കാരുണ്യ ലോട്ടറിയിൽ നിന്നുള്ള വരുമാനം ധനവകുപ്പ് ഏറ്റെടുത്തതാണ് പ്രശ്നത്തിന്റെ കാതലെന്നും അതു കാരുണ്യ ലോട്ടറിക്കു മാത്രമായി അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടിരുന്നു.