കൊച്ചി: എറണാകുളം കുറുപ്പംപടിയില്‍ ബാലികമാരായ സഹോദരിമാര്‍ക്കു പീഡനമേറ്റ സംഭവത്തില്‍ കുട്ടികളുടെ അമ്മയ്ക്കെതിരേ പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് രണ്ടു കേസുകള്‍. പീഡനവിവരം മറച്ചുവച്ചതിന് പോക്സോ കേസും മദ്യം കഴിക്കാന്‍ പ്രേരിപ്പിച്ചതിന് ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്.
മദ്യം നല്‍കിയെന്ന് സ്കൂളിലെ ടീച്ചര്‍ പറഞ്ഞ വിവരം രഹസ്യ മൊഴിയില്‍ ഇല്ലാത്തതിനാല്‍ പെണ്‍കുട്ടികളുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് പീഡന വിവരം മറച്ചുവച്ചതിന് അമ്മക്ക് എതിരേ ചുമത്തിയ പോക്സോ കേസില്‍ നിര്‍ബന്ധിപ്പിച്ചു മദ്യം നല്‍കിയെന്ന വകുപ്പ് കൂടി ഉള്‍പ്പെടുത്തി.
ഇവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. കുട്ടികളുടെയും സ്കൂള്‍ അധ്യാപികയുടെയും മൊഴികളും അമ്മയുടെ അറസ്റ്റില്‍ നിര്‍ണായമായി. പത്തും പന്ത്രണ്ടും വയസുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് കുട്ടികളുടെ അമ്മയുടെ സുഹൃത്തായ ടാക്സി ഡ്രൈവര്‍ അയ്യമ്പുഴ സ്വദേശി മഠത്തിപ്പറമ്പില്‍ വീട്ടില്‍ ധനേഷ് കുമാര്‍ (38)നെ കഴിഞ്ഞ ദിവസമാണ് കുറുപ്പുംപടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡിലുള്ള ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി വരും ദിവസം കസ്റ്റഡിയില്‍ വാങ്ങും. പെണ്‍കുട്ടികളെ പീഡിപ്പിച്ചത് അമ്മയുടെ അറിവോടെയും സമ്മതത്തോടെയുമാണെന്നാണ് ധനേഷിന്റെ മൊഴി.
കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു പീഡനം. പെണ്‍കുട്ടികളുടെ സുഹൃത്തുക്കളെയും ദുരുപയോഗം ചെയ്യാനുള്ള പ്രതിയുടെ ശ്രമമാണ് പീഡന വിവരം പുറത്തറിയാന്‍ കാരണമായത്. പെണ്‍കുട്ടികളുടെ പിതാവ് മരിച്ചതിന് ശേഷമാണ് കുട്ടികളുടെ അമ്മയുമായി പ്രതി ബന്ധമുണ്ടാക്കിയത്. രണ്ടാനച്ഛന് എന്ന നിലയിലുളള സ്വാതന്ത്ര്യം മുതലെടുത്താണ് പെണ്‍കുട്ടികളെ പ്രതി ദുരുപയോഗം ചെയ്തത്.
അടിക്കടി വീട്ടില്‍ വന്നിരുന്ന പ്രതി പെണ്‍കുട്ടികളെ രണ്ട് വര്‍ഷത്തോളം ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പെണ്‍കുട്ടികളുടെ സഹപാഠികളായ മറ്റ് കുട്ടികളെയും ദുരുപയോഗം ചെയ്യാനുളള ശ്രമമാണ് പ്രതിയെ കുടുക്കിയത്. ഇക്കാര്യം മനസിലാക്കിയ സ്കൂളിലെ അധ്യാപികയാണ് പോലീസിനെ സമീപിച്ചത്. പെണ്‍കുട്ടികളെ ശിശുക്ഷേമ സമിതിയുടെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. കുട്ടികളുടെ മനോനില വീണ്ടെടുക്കാന്‍ സിഡബ്ല്യുസി കൗണ്‍സിലിംഗ് നല്‍കും.