മൂന്നാർ: ലോകം മുഴുവൻ കോവിഡിന്റെ തീവ്രതയിൽ ഒതുങ്ങിക്കഴിയുന്പോഴും കറുപ്പായി ഇതൊന്നും അറിഞ്ഞ മട്ടില്ല.
പതിറ്റാണ്ടുകളായി മൂന്നാർ ടൗണിലെ കടത്തിണ്ണകളിൽ അന്തിയുറങ്ങുന്ന കറുപ്പായി ഒരുതവണപോലും മാസ്കു ധരിച്ചിട്ടില്ല. വീട്ടിൽ അടങ്ങിയൊതുങ്ങി കഴിഞ്ഞിട്ടില്ല.
കോവിഡ് ടെസ്റ്റ് നടത്തിയിട്ടില്ല. വാക്സിനേഷനും എടുത്തിട്ടില്ല. പടിക്കുപുറത്തു നിർത്തുവാൻ വീടില്ലാത്തതിനാൽ കോവിഡും പ്രോട്ടോക്കോളുമെല്ലാം തന്റെ വരുതിയിലാക്കി മൂന്നാർ ടൗണിൽ തന്നെയാണ് കറുപ്പായി ജീവിതം കഴിച്ചുകൂട്ടുന്നത്.
ഉറ്റവരും ഉടയവരുമില്ലാതെ കഴിയുന്ന കറുപ്പായിക്ക് ആകെ കൂട്ടിനുള്ളത് ടൗണിൽ അലഞ്ഞുതിരിയുന്ന നായ്ക്കൂട്ടമാണ്.
മനുഷ്യരോട് സംസാരിക്കുവാൻ വിമുഖത കാട്ടുന്ന കറുപ്പായി ആശയവിനിമയം നടത്തുന്നത് ഈ നായ്ക്കൂട്ടത്തിനോടു മാത്രമാണ്.
പെട്ടന്ന് ക്ഷോഭിക്കുന്ന പ്രകൃതമുള്ളതിനാൽ ആരും അങ്ങോട്ടുചെന്ന് സംസാരിക്കാൻ തയാറാകുകയുമില്ല.
ലോക്ക് ഡൗണിൽ ഭക്ഷണശാലകളിൽനിന്നും പാർസലായി ആഹാരം ലഭിക്കുന്നതിനാൽ പട്ടിണിയില്ലാതെ കഴിഞ്ഞുപോകുന്നു.
പതിറ്റാണ്ടിലധികമായി കറുപ്പായിയുടെ ജീവിതം ഇങ്ങനെതന്നെയാണ്. ജനനതീയതി ഒന്നും അറിയില്ലെങ്കിലും തൊണ്ണൂറിലധികം പ്രായമുണ്ടെന്നാണ് കറുപ്പായിയെ പണ്ടുമുതലേ കാണുന്ന പഴമക്കാർ പറയുന്നത്.
കടത്തിണ്ണകളിൽ അന്തിയുറങ്ങുന്ന കറുപ്പായി ആരെങ്കിലുമൊക്കെ നൽകുന്ന പണംകൊണ്ടാണ് ജീവിതം മുന്നോട്ടു തള്ളിനീക്കുന്നത്.
ഇടയ്ക്ക് ചില സന്നദ്ധ പ്രവർത്തകർ കറുപ്പായിയെ നല്ല വസ്ത്രമൊക്കെ അണിയിച്ച് വൃദ്ധസദനത്തിലെത്തിക്കുവാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിഫലമായി.
പ്രായത്തിന്റെ അവശതകൾ തളർത്തിതുടങ്ങിയ ശരീരവുമായി ചാക്കുപുതച്ചാണ് ഇപ്പോൾ രാത്രിയിൽ ഉറങ്ങുന്നത്.
ഇത്തരത്തിൽ ഉറങ്ങുന്നതിനിടയിൽ ഒരിക്കൽ മരണമുഖത്തുനിന്നു കറുപ്പായി രക്ഷപെട്ടിട്ടുണ്ട്.
കഴിഞ്ഞവർഷം നാട് ലോക്ക് ഡൗണ് ആയപ്പോൾ നാട്ടിലിറങ്ങിയ കാട്ടാന കറുപ്പായി കിടക്കുന്നതിനു തൊട്ടരികിൽകൂടിയാണ് കടന്നുപോയതെങ്കിലും കറുപ്പായി രക്ഷപെടുകയായിരുന്നു.