കായംകുളം :കാപ്പ നിയമം ലംഘിച്ച് വീട് കയറി യുവാവിനെ ആക്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി.
കായംകുളം കൃഷ്ണപുരം കാപ്പിൽ മേക്ക് തറയിൽ തെക്കതിൽ വീട്ടിൽ മൈലോ എന്ന് വിളിക്കുന്ന അഖിൽ അസ്കറിനെയാണ് (30) കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചത്.
കൊലപാതക ശ്രമം, ആയുധം കൈവശം വെക്കൽ, മയക്കുമരുന്ന് വില്പന, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ഇയാളെ 2021ൽ ആലപ്പുഴ ജില്ലയിൽനിന്ന് കാപ്പ നിയമപ്രകാരം നാടു കടത്തിയിരുന്നതും ആയത് ലംഘിച്ച് ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചതിലേക്ക് അഖിൽ അസ്കറിനെതിരേ കാപ്പ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതുമാണ്.
ഉത്തരവിന്റെ കാലാവധി അവസാനിച്ചതിനെത്തുടർന്ന് കായംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ കാപ്പിൽ മേക്ക് ഭാഗത്തു വീട് കയറി യുവാവിനെ ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ പ്രതിയായതിനാലാണ് ഇപ്പോൾ കാപ്പാ പ്രകാരം കരുതൽ തടങ്കൽ നടപടി സ്വീകരിച്ചിട്ടുള്ളത്.
അലപ്പുഴ ജില്ലാ പോലീസ് മേധാവി നൽകിയ ശുപാർശ അംഗീകരിച്ചാണ് ആലപ്പുഴ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ ഇയാൾക്കെതിരേ ആറ് മാസക്കാലത്തേക്ക് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.